പ്രധാനമന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
 

 

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി യുവമോർച്ച സംഘടിപ്പിക്കുന്ന റോഡ് ഷോയിലും യുവം പരിപാടിയിലും പങ്കെടുക്കും. ക്രൈസ്തവ സഭാ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ചയും ഇന്നുണ്ടാകും. 

െൈവകുന്നേരം അഞ്ച് മണിയോടെ കൊച്ചി നാവിക വിമാനത്താവളത്തിൽ പ്രധാനമന്ത്രി എത്തും. തുടർന്ന് സുരക്ഷാ അകമ്പടിയോടെ വെണ്ടുരുത്തി പാലത്തിലെത്തും. ഇവിടെ നിന്ന് 1.8 കിലോമീറ്റർ ദൂരത്തിൽ റോഡ് ഷോ നടക്കും. റോഡിന് ഇരുവശവും ബാരിക്കേഡ് കെട്ടി ആളുകളെ നിയന്ത്രിക്കും. തേവര എസ് എച്ച് കോളജിൽ എത്തുന്ന പ്രധാനമന്ത്രി യുവം പരിപാടി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ഏഴ് മണിക്ക് കർദിനാൾമാരടക്കമുള്ള ക്രൈസ്തവ മേലധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്ച നടക്കും. 

ഗതാഗത നിയന്ത്രണം ഇങ്ങനെ

തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 8 മണി വരെ പശ്ചിമ കൊച്ചി ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ തോപ്പുംപടി, തേവര ഫെറി, കുണ്ടന്നൂർ, വൈറ്റില വഴിയും ഇടക്കൊച്ചി, അരൂർ വഴിയും എൻ എച്ചിൽ പ്രവേശിച്ച് എറണാകുളം ഭാഗത്തേക്ക് വരണം. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി എട്ട് വരെ പശ്ചിമ കൊച്ചി ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കുന്നതല്ല. 

എറണാകുളത്ത് നിന്ന് പശ്ചിമ കൊച്ചിക്ക് പോകുന്ന വലിയ വാഹനങ്ങൾ കുണ്ടന്നൂർ, അരൂർ വഴി പോകണം. പള്ളിമുക്ക് ഭാഗത്ത് നിന്ന് തേവര ഭാഗത്തേക്ക് ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി എട്ട് വരെ വാഹനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ല. പള്ളിമുക്കിൽ നിന്നും തിരിഞ്ഞ് കടവന്ത്ര വഴി വൈറ്റിലയിലേക്ക് പോകണം. മറൈൻ ഡ്രൈവ് ഭാഗത്ത് നിന്നും തേവര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബി ടി എച്ചിൽ നിന്ന് തിരിഞ്ഞ് ജോസ് ജംഗ്ഷൻ വഴി പോകേണ്ടതാണ്. 

ചൊവ്വാഴ്ച രാവിലെ എട്ട് മുതൽ 10.30 വരെ തേവര ഭാഗത്ത് നിന്നും പശ്ചിമ കൊച്ചി ഐലൻഡ് ഭാഗത്തേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കില്ല. 

തൃശ്ശൂർ ഭാഗത്ത് നിന്നും സമ്മേളനത്തിന് വരുന്ന വാഹനങ്ങൾ കടവന്ത്ര ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം എറണാകുളത്തപ്പൻ ഗ്രൗണ്ട്, കണ്ടെയ്‌നർ റോഡ്, കടവന്ത്ര മാവേലി റോഡ് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. ആലപ്പുഴ, കോട്ടയം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ തേവര ഫെറി ജംഗ്ഷനിൽ ആളുകളെ ഇറക്കിയ ശേഷം തേവര ഫെറി ബോട്ട് ഈസ്റ്റർ റോഡിൽ ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടിലും ഇന്ദിരാഗാന്ധി റോഡിലും പാർക്ക് ചെയ്യണം.