ശബരിമല ഭണ്ഡാരം കാണാൻ പോലീസ് കയറേണ്ട; താക്കീതുമായി ഹൈക്കോടതി
ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ പോലീസ് ഐജി കയറിയ സംഭവത്തിൽ താക്കീതുമായി ഹൈക്കോടതി. പോലീസ് ഭണ്ഡാരത്തിലേക്ക് കയറരുതെന്ന് ദേവസ്വം ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യത്തിൽ നേരത്തെ തന്നെ നിർദേശം നൽകിയതാണെന്ന് ജസ്റ്റിസുമാരായ എ രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുടെ ബെഞ്ച് ചൂണ്ടിക്കാട്ടി
ശബരിമല പോലീസ് ജോയിന്റ് കോ ഓർഡിനേറ്ററും ഐജിയുമായ ശ്യാം സുന്ദറാണ് ഭണ്ഡാരം കാണാൻ കയറിയത്. സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം കാണാൻ ഒരു കാരണവുമില്ലാതെ ഐജി കയറിയെന്ന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്‌പെഷ്യൽ കമ്മീഷണർ ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു
ഡിസംബർ 11ന് രാവിലെ ഒമ്പത് മണിയോടെയാണ് ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർ യൂണിഫോണിലും സിവിൽ ഡ്രസിലുമായി ഭണ്ഡാരം മുറിയിൽ പ്രവേശിച്ചതെന്നായിരുന്നു റിപ്പോർട്ട്. അതേസമയം നിലയ്ക്കലിലെ സ്‌പോട്ട് ബുക്കിംഗ് കൗണ്ടറിൽ പോലീസിന്റെ അനധികൃത ഇടപെടൽ വേണ്ടെന്നും കോടതി നിർദേശിച്ചു.