തെളിവില്ലെന്ന് പോലീസ്; വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല
Sep 16, 2025, 11:48 IST
തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ കേസെടുക്കില്ല. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ് പറയുന്നു. പരാതി നൽകിയ കോൺഗ്രസ് നേതാവ് ടി എൻ പ്രതാപനെ ഇക്കാര്യം പോലീസ് അറിയിച്ചു.
കോടതിയെ സമീപിക്കുമെന്ന് ടി എൻ പ്രതാപൻ അറിയിച്ചു. സുരേഷ് ഗോപിയുടെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വോട്ട് ചേർത്തതിൽ ക്രമക്കേടുണ്ടോ എന്നതാണ് പോലീസ് പ്രധാനമായും പരിഗണിച്ചത്. സുരേഷ്ഗോപി തെരഞ്ഞെടുപ്പ് കാലത്ത് നൽകിയ സത്യവാങ്മൂലത്തിലടക്കം പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു ടിഎൻ പ്രതാപന്റെ പരാതി.
ഈ പരാതിയിലാണ് അന്വേഷണം നടന്നത്. ഇതിൽ സുരേഷ്ഗോപിയുടെയും കുടുംബാംഗങ്ങളുടെയും വോട്ട് ചേർത്തത് ചട്ടവിരുദ്ധമായല്ല എന്ന നിലപാടിലേക്കാണ് പോലീസ് എത്തിയത്.