{"vars":{"id": "89527:4990"}}

മോൻസൺ മാവുങ്കലിന്റെ വീട്ടിലെ മോഷണപരാതി വ്യാജമെന്ന സംശയത്തിൽ പോലീസ്
 

 

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ വീട്ടിൽ മോഷണം നടന്നുവെന്ന പരാതി മറ്റൊരു തട്ടിപ്പെന്ന സംശയത്തിൽ പോലീസ്. വാടക വീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമാണിതെന്നാണ് പോലീസ് സംശയിക്കുന്നത്. മാർച്ചിൽ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞില്ല. 20 കോടിയുടെ വസ്തുക്കൾ വീട്ടിൽ നിന്ന് മോഷണം പോയെന്നാണ് മോൻസന്റെ പരാതി

കഴിഞ്ഞ വർഷവും മോൻസൺ മോഷണ പരാതി നൽകിയിരുന്നു. പോലീസ് കേസെടുത്തെങ്കിലും പരാതി വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. കൊച്ചി കലൂരിലെ വാടക വീട്ടിൽ നിന്ന് 20 കോടിയോളം വില മതിക്കുന്ന സാധനങ്ങൾ മോഷണം പോയെന്നാണ് പരാതിയിൽ പറയുന്നത്. ഹൈക്കോടതി ഉത്തരവ് പ്രകാരം വീട്ടിലെ സാധനങ്ങൾ തിട്ടപ്പെടുത്താൻ മോൻസണുമായി ഉദ്യോഗസ്ഥർ വീട്ടിലെത്തിയപ്പോഴാണ് മോഷണ ശ്രമം ശ്രദ്ധയിൽപ്പെടുന്നത്

ഹൈക്കോടതി അനുമതിയെ തുടർന്ന് വീട്ടിലെ വസ്തുക്കൾ തിട്ടപ്പെടുത്താനായി മോൻസൺ ഒരു ദിവസത്തെ പരോളിലാണ് ഇറങ്ങിയത്. വീടിന്റെ ഒരു ഭാഗം പൊളിഞ്ഞ് കിടക്കുകയായിരുന്നു. സിസിടിവി പൊളിച്ചു മാറ്റിയ നിലയിലായിരുന്നു.