{"vars":{"id": "89527:4990"}}

ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്; ബോധരഹിതനായത് ബിസ്‌ക്കറ്റ് കഴിച്ചതിന് ശേഷം

 

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ഒരുവയസ്സുകാരന്റെ മരണത്തില്‍ ദുരൂഹത സംശയിച്ച് പൊലീസ്. പിതാവ് വാങ്ങി നല്‍കിയ ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് ഇഹാന്‍ ബോധരഹിതനായത്. കുഞ്ഞിന്റെ വായില്‍ നിന്നും നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടന്‍ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജില്‍ ഭവനില്‍നിന്ന് കവളാകുളം ഐക്കരവിള വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകന്‍ ഇഹാന്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം. സംശയത്തെ തുടര്‍ന്ന് ഷിജിലിനെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.

ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ബന്ധുക്കള്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ഇവര്‍ വീണ്ടും ഒന്നിച്ചുതാമസം ആരംഭിച്ചത്. കവളാകുളത്ത് ഷിജിലാണ് വീട് വാടകയ്‌ക്കെടുത്തത്. കുഞ്ഞിന്റെ മരണത്തില്‍ കൃഷ്ണപ്രിയയുടെ കുടുംബം ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് ഷിജിലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.