{"vars":{"id": "89527:4990"}}

പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ ബസും കൂട്ടിയിടിച്ചു; തീർഥാടകൻ റോഡിലേക്ക് തെറിച്ചുവീണു
 

 

കോട്ടയം പൊൻകുന്നത്ത് സ്‌കൂൾ ബസും ശബരിമല തീർഥാടകരുടെ വാഹനവും കൂട്ടിയിടിച്ച് അപകടം. പാലാ-പൊൻകുന്നം റോഡിലെ ഒന്നാം മൈലിലാണ് അപകടം നടന്നത്. ശബരിമല തീർഥാടകരുടെ ബസ് സ്‌കൂൾ ബസിന് പിന്നിൽ ഇടിക്കുകയായിരുന്നു. 

കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. നാല് കുട്ടികളും ആയയും മാത്രമാണ് അപകട സമയത്ത് ബസിലുണ്ടായിരുന്നത്. കുട്ടികളുടെ ആരുടെയും പരുക്ക് ഗുരുതരമല്ല. 

അതേസമയം തീർഥാടകരിൽ ഒരാൾ റോഡിലേക്ക് തെറിച്ചുവീണു. ഇയാളെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണാടകയിൽ നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്.