{"vars":{"id": "89527:4990"}}

പൊതിച്ചോർ വിവാദം: ഒടുവിൽ മലക്കം മറിഞ്ഞ് മന്ത്രി കെ. മുരളീധരൻ; 'ആഹാരം നൽകുന്നതിനോട് എതിർപ്പില്ല'

 

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ പൊതിച്ചോർ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളിൽ ഒടുവിൽ നിലപാട് തിരുത്തി ആരോഗ്യ മന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആഹാരം കൊടുക്കുന്നതിന് സർക്കാർ ഒട്ടും എതിരല്ലെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു. ആഹാരത്തിന് രാഷ്ട്രീയമോ ജാതിയോ മതമോ ഇല്ലെന്നും പാവപ്പെട്ടവർക്ക് ഭക്ഷണം ലഭിക്കണമെന്നതാണ് സർക്കാരിന്റെ താല്പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.

​കഴിഞ്ഞ ദിവസം ആശുപത്രികളിൽ കൊടിയും ബാനറും വെച്ചുള്ള ഭക്ഷണ വിതരണം അനുവദിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പുതിയ വിശദീകരണം. താൻ നേരത്തെ നടത്തിയ പ്രസ്താവന ആലപ്പുഴ മെഡിക്കൽ കോളേജിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്തായിരുന്നുവെന്നും അതിനെ പൊതുവായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.

​ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണ വിതരണത്തിന്റെ പേരിൽ സംഘടിതമായി സ്ഥലം കയ്യേറിയതിനെയാണ് താൻ എതിർത്തതെന്നും, ആശുപത്രി വികസനത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം നീക്കങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഴുവൻ രോഗികൾക്കും ഭക്ഷണം ഉറപ്പാക്കാൻ കമ്മ്യൂണിറ്റി കിച്ചൺ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.