ഗർഭിണിയുടെ മുഖത്തടിച്ച സംഭവം; സിഐ പ്രതാപചന്ദ്രനെതിരെ കൂടുതൽ നടപടിക്ക് സാധ്യത
എറണാകുളം നോർത്ത് പോലീസ് സ്‌റ്റേഷനിൽ ഗർഭിണിയായ സ്ത്രീയുടെ മുഖത്തടിച്ചതിനെ തുടർന്ന് സസ്‌പെൻഷനിലായ സിഐ പ്രതാപചന്ദ്രനെതിരെ കൂടുതൽ നടപടിക്ക് സാധ്യത. 2024ൽ നോർത്ത് പോലീസ് സ്‌റ്റേഷനിൽ വെച്ചായിരുന്നു സംഭവം. നിലവിൽ അരൂർ എസ് എച്ച് ഒ ആണ് പ്രതാപചന്ദ്രൻ. ഷൈമോൾ എൻ ജെ എന്ന സ്ത്രീയുടെ മുഖത്താണ് സിഐ അടിച്ചത്
മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നതിന് പിന്നാലെ അടിയന്തര നടപടിയെടുക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദേശം നൽകുകയായിരുന്നു. ഡിജിപി നടപടിക്കായി ക്രമസമാധാന ചുമതലയുള്ള എഡിജിപിയോട് നിർദേശിച്ചു. പന്നാലെയാണ് സസ്‌പെൻഷൻ വന്നത്.
പോലീസ് കസ്റ്റഡിയിലെടുത്ത ആളുടെ ഭാര്യയായിരുന്നു ഷൈമോൾ. 2024 ൽ തന്നെ തനിക്ക് മർദനമേറ്റ കാര്യം ഷൈമോൾ പുറത്തുപറഞ്ഞിരുന്നു. അന്ന് മുതൽ ദൃശ്യങ്ങൾ ലഭിക്കാനുള്ള നിയമ പോരാട്ടത്തിലായിരുന്നു ഷൈമോൾ. കോടതി ഇടപെടലിലാണ് ഷൈമോൾക്ക് ദൃശ്യങ്ങൾ ലഭിച്ചത്.
പ്രതാപചന്ദ്രനെതിരെയുള്ള വകുപ്പുതല അന്വേഷണത്തിൽ ഇന്ന് തീരുമാനമാകും. ഇന്നലെ കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ടിന് പിന്നാലെയാണ് ഐജി ശ്യാം സുന്ദർ സസ്‌പെൻഷൻ ഉത്തരവിറക്കിയത്.