{"vars":{"id": "89527:4990"}}

രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ ടയർ കോൺക്രീറ്റ് തറയിൽ താഴ്ന്നുപോയി; പോലീസും ഫയർ ഫോഴ്‌സും ചേർന്ന് തള്ളി നീക്കി
 

 

ശബരിമല ദർശനത്തിന് എത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്റ്റർ ഇറങ്ങിയ സ്ഥലത്തെ കോൺക്രീറ്റ് തറ താഴ്ന്നുപോയി. പത്തനംതിട്ടയിലെ കോന്നി പ്രമാടം ഇൻഡോർ സ്‌റ്റേഡിയത്തിലൊരുക്കിയ ഹെലിപാഡിന്റെ കോൺക്രീറ്റ് തറയാണ് താഴ്ന്നുപോയത്. ഹെലികോപ്റ്ററിന്റെ ടയറുകൾ കോൺക്രീറ്റിൽ താഴ്ന്നുപോകുകയായിരുന്നു. 

പോലീസും ഫയർഫോഴ്‌സും ചേർന്ന് ഹെലികോപ്റ്റർ തള്ളി നീക്കേണ്ടി വന്നു. നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ മഴയടക്കമുള്ള പ്രതികൂല കാലാവസ്ഥ പരിഗണിച്ച് അവസാന നിമിഷം ലാൻഡിംഗ് സ്ഥലം മാറ്റുകയായിരുന്നു. ഇതോടെയാണ് ഇന്ന് രാവിലെ പ്രമാടത്ത് കോൺക്രീറ്റ് ചെയ്ത് ഹെലിപാഡ് ഒരുക്കിയത്

കോൺക്രീറ്റ് ഉറയ്ക്കുന്നതിന് മുമ്പെ ഹെലികോപ്റ്റർ ഇറങ്ങിയതാണ് തറ താഴാൻ കാരണമായത്. സംഭവത്തിൽ വലിയ ഗുരുതര വീഴ്ചയാണ് സംഭവിച്ചത്. രാഷ്ട്രപതി ഒമ്പത് മണിക്ക് പ്രമാടത്ത് ഹെലികോപ്റ്റർ ഇറങ്ങിയ ശേഷം അവിടെ നിന്ന് റോഡ് മാർഗം പമ്പയിലേക്ക് പോയി.