കേരളത്തിന് ഇത്തവണ സംസാരിക്കാൻ അവസരമില്ല; പ്രധാനമന്ത്രിയുടെ യോഗത്തിൽ പങ്കെടുക്കുന്നത് ചീഫ് സെക്രട്ടറി

കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. പകരം ചീഫ് സെക്രട്ടറി ടോം ജോസാകും
 

കൊവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. പകരം ചീഫ് സെക്രട്ടറി ടോം ജോസാകും സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുക. കേരളത്തിന് സംസാരിക്കാൻ അവസരമില്ലാത്തതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാത്തത്.

കഴിഞ്ഞ യോഗത്തിൽ മുഖ്യമന്ത്രിക്ക് സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. കഴിഞ്ഞ തവണ സംസാരിക്കാൻ അവസരം ലഭിക്കാത്ത മുഖ്യമന്ത്രിമാരാണ് ഇന്നത്തെ യോഗത്തിൽ സംസാരിക്കുക. ഒമ്പത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഇന്ന് പ്രധാനമന്ത്രിയുമായി സംസാരിക്കും.

ബീഹാർ, ഒഡീഷ, ഗുജറാത്ത്, ഹരിയാന, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, മിസോറാം, മണിപ്പൂർ സംസ്ഥാനങ്ങൾക്കും പുതുച്ചേരിക്കുമായിരിക്കും ഇന്ന് സംസാരിക്കാൻ അവസരമുണ്ടാകുക. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നത്

ലോക്ക് ഡൗണ് നീട്ടണമോയെന്ന കാര്യത്തിലും യോഗത്തിൽ ധാരണയാകും. കൂടാതെ പ്രതിരോധ നടപടികൾ, സാമ്പത്തിക പാക്കേജ് ഉൾപ്പെടെയുള്ള ആവശ്യങ്ങളും സംസ്ഥാനങ്ങൾ ഉന്നയിക്കും.