പ്രധാനമന്ത്രി ഇന്ന് തിരുവനന്തപുരത്ത് എത്തും; വന്ദേഭാരത് അടക്കം നിരവധി പദ്ധതികളുടെ ഉദ്ഘാടനം

 

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തും. രാവിലെ 10.10ന് വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. 10.30ന് വന്ദേഭാരത് എക്‌സ്പ്രസ് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യും. 

11 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ റെയിൽവേയുടെ വിവിധ വികസന പദ്ധതികളും കൊച്ചി വാട്ടർ മെട്രോ പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇന്നലെ കൊച്ചിയിലെത്തിയ പ്രധാനമന്ത്രി വെല്ലിംഗ്ടണിലെ താജ് മലബാർ ഹോട്ടലിലാണ് താമസിച്ചത്. രാവിലെ 9.15ന് ഐഎൻഎസ് ഗരുഡയിൽ നിന്ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുക. 

തിരുവനന്തപുരം സെൻട്രൽ, കൊച്ചുവേളി, നേമം, വർക്കല, കോഴിക്കോട് സ്‌റ്റേഷനുകൾ പുനർ വികസനത്തിലൂടെ ലോകനിലവാരത്തിലെത്തിക്കുന്ന പദ്ധതി ഇന്ന് ഉദ്ഘാടന ചെയ്യും. തിരുവനന്തപുരം സെൻട്രൽ പ്രധാന ടെർമിനലായും കൊച്ചുവേളിയും നേമയും ഉപ ടെർമിനലായും ഉയർത്തുന്നതാണ് പദ്ധതി. 

സെൻട്രൽ സ്റ്റേഷൻ വികസിപ്പിക്കാൻ 496 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. വർക്കല സ്റ്റേഷനിൽ 170 കോടി രൂപയുടെ പുനർനവീകരണം സാധ്യമാക്കും. നാല് പുതിയ ട്രാക്കുകൾ അടക്കം കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ 473 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് തയ്യാറാക്കിയിരിക്കുന്നത്.