{"vars":{"id": "89527:4990"}}

'പ്രിയദർശിനി' പദ്ധതി തുടരാം; കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്രക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

 

കൊച്ചി: സംസ്ഥാന സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി നിരസിച്ചത്. പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കാൻ ഹർജിക്കാരന് സാധിച്ചില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യയാത്ര അനുവദിക്കുന്ന പദ്ധതിയുമായി സർക്കാരിന് മുന്നോട്ട് പോകാം.

​തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് ശാസ്ത്രീയ പഠനങ്ങളോ സാമ്പത്തിക ആഘാത വിലയിരുത്തലുകളോ നടത്താതെയാണ് പദ്ധതി നടപ്പാക്കിയതെന്നും, ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്നുമായിരുന്നു ഹർജിയിലെ പ്രധാന വാദം. പാവപ്പെട്ട പുരുഷന്മാർ ടിക്കറ്റ് എടുക്കുമ്പോൾ സമ്പന്നരായ സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്നത് വിവേചനപരമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.

​എന്നാൽ, കുറച്ചുപേർ സമ്പന്നരാണെന്ന് കരുതി പദ്ധതിയാകെ റദ്ദാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. സ്ത്രീ ശാക്തീകരണത്തിനായി ഇത്തരം നയങ്ങൾ രൂപീകരിക്കാൻ ക്ഷേമരാഷ്ട്രത്തിന് അവകാശമുണ്ടെന്നും, ഡൽഹി, കർണാടക, തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ സമാനമായ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. സർക്കാരിന്റെ ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.