പുത്തൂർ ബൈപ്പാസ് ബൈക്ക് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു, മരണസംഖ്യ മൂന്നായി
Jan 23, 2025, 14:49 IST
കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിൽ കഴിഞ്ഞ ദിവസം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വിദ്യാർഥി മരിച്ചു. കാവതികളം കരുവക്കോട്ടിൽ മുഹമ്മദ് സിയാദാണ്(17) മരിച്ചത്. ഗവ. രാജാസ് സ്‌കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് റിഷാദ്, ഹംസ എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഇതോടെ അപകടത്തിൽ മരണസംഖ്യ മൂന്നായി. സ്ഥിരം അപകടമേഖലയാണ് പുത്തൂർ ബൈപ്പാസ്. അഞ്ച് വർഷത്തിനിടെ വിവിധ അപകടങ്ങൾ ഇവിടെ നടന്നിട്ടുണ്ട്. ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു നേരത്തെ കാവതികളം ജംഗ്ഷനിലായിരുന്നു പതിവായി അപകടങ്ങൾ. നിലവിൽ പുത്തൂരിനും കാവതികളത്തിനും ഇടയിലാണ് അപകടങ്ങൾ പതിവാകുന്നത്. സമീപത്തെ പുത്തൂർ ജംഗ്ഷനും അപകടമേഖലയാണ്.