ആർ സുഗതന് വൻ തിരിച്ചടി; കാപ്പാ കേസ് ചുമത്തിയത് സർക്കാർ അംഗീകരിച്ചു: കൗൺസിലർ സ്ഥാനം തുലാസിൽ
തിരുവനന്തപുരം: ക്രിമിനൽ കേസ് പ്രതിയും തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലറുമായ ആർ സുഗതന് വൻ തിരിച്ചടി. സുഗതനെതിരെ കാപ്പ (KAAPA) ചുമത്തിയ ജില്ലാ കളക്ടറുടെ നടപടിക്ക് സംസ്ഥാന സർക്കാർ അംഗീകാരം നൽകി. ആഭ്യന്തര സെക്രട്ടറിയാണ് ഇതുസംബന്ധിച്ച അന്തിമ ഉത്തരവിറക്കിയത്. കാപ്പയിൽ ഇളവ് തേടി ബിജെപി നേതൃത്വം ജയിൽ ഉപദേശക സമിതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടയിലാണ് സർക്കാരിന്റെ ഈ സുപ്രധാന നീക്കം.
ഹൈക്കോടതി നിർദ്ദേശപ്രകാരം തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി കൗൺസിലർമാർ കഴിഞ്ഞദിവസം വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാൽ നിലവിൽ അതീവ സുരക്ഷാ ജയിലായ വിയ്യൂരിൽ കഴിയുന്ന സുഗതന് മാത്രം സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ സത്യപ്രതിജ്ഞ ചെയ്യാനായില്ലെങ്കിൽ സുഗതന്റെ കൗൺസിലർ സ്ഥാനം അയോഗ്യമാക്കപ്പെടാൻ സാധ്യതയുണ്ട്.
വധശ്രമം, കലാപശ്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നിവയുൾപ്പെടെ പത്തൊൻപതോളം ക്രിമിനൽ കേസുകളാണ് സുഗതനെതിരെ വട്ടിയൂർക്കാവ്, നെടുമങ്ങാട് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനെത്തുടർന്നാണ് ഈ മാസം ആദ്യം പൊലീസ് ഇയാളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. കേരളത്തിൽ കാപ്പാ കേസിൽ കുടുങ്ങി ഒരു നഗരസഭാ കൗൺസിലർ ജയിലിലാകുന്നത് ഇതാദ്യമായാണ്.
സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാൻ ഒരു ദിവസത്തെ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടയിൽ, കാപ്പ നിലനിർത്തിയുള്ള സർക്കാരിന്റെ തീരുമാനം ബിജെപി ക്യാമ്പിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്. ഉപദേശക സമിതിക്ക് മുന്നിൽ ഇനി സുഗതൻ ജാമ്യാപേക്ഷ സമർപ്പിക്കേണ്ടി വരും. ഇരുഭാഗത്തിന്റെയും വാദങ്ങൾ കേട്ട ശേഷമേ കാപ്പ ഒഴിവാക്കുന്ന കാര്യത്തിൽ സമിതി അന്തിമ തീരുമാനമെടുക്കൂ.