മഴക്കെടുതിയിൽ ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി രാഹുൽ ഗാന്ധി; ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം
കേരളത്തിലെ മഴക്കെടുതിയില്‍ ദുഃഖം രേഖപ്പെടുത്തി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലുടനീളം കനത്ത മഴയുണ്ടാക്കിയ നാശനഷ്ടങ്ങളില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. ജീവന്‍ നഷ്ടപ്പെട്ട എട്ടുപേരുടെയും കുടുംബങ്ങളെ അദ്ദേഹം അനുശോചനം അറിയിച്ചു. കാണാതായവര്‍ സുരക്ഷിതരായിരിക്കട്ടെയെന്നും, പരുക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങണമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് രാഹുല്‍ ആഹ്വാനം ചെയ്തു. മലയോര മേഖലകളില്‍ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്നലെ പ്രവചനങ്ങള്‍ക്കപ്പുറത്തുണ്ടായ പേമാരിപ്പെയ്ത്തിലെ ദുരിതത്തില്‍ മുങ്ങിയിരിക്കുകയാണ് നാട്. രാത്രി മുതല്‍ മഴയുടെ തീവ്രത കുറഞ്ഞത് ആശ്വാസമാണെങ്കിലും, കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ട് മാറിയിട്ടില്ല. ചിലയിടത്ത് ഗ്രാമീണ റോഡുകളും ചെറുപാലങ്ങളും വെള്ളത്തിനടിയില്‍ തന്നെയാണ്.
പലയിടത്തും വെള്ളമിറങ്ങിയെങ്കിലും, കടകളിലും വീടുകളിലും വെള്ളം കയറി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. മഴക്കെടുതിയില്‍ 27 വീടുകള്‍ പൂര്‍ണമായും 196 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നാണ് സര്‍ക്കാര്‍ കണക്ക്. 209 ദുരിതാശ്വാസ ക്യാംപുകളിലായി 5792 പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്.
വരും ദിവസങ്ങളില്‍ തീവ്രത കുറയുമെങ്കിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. വെള്ളിയാഴ്ച ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.