രാഹുൽ മാങ്കൂട്ടത്തിൽ 10ാം ദിവസവും ഒളിവിൽ; മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ച് 32ാമത്തെ കേസായാണ് ഇത് പരിഗണിക്കുക. കഴിഞ്ഞ ദിവസം തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്
അന്വേഷണ സംഘത്തിന് മുന്നിൽ കീഴടങ്ങാതെ അറസ്റ്റ് ഒഴിവാക്കാനുള്ള നീക്കമാണ് ബലാത്സംഗ കേസ് പ്രതി നടത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ പോയിട്ട് ഇന്ന് പത്ത് ദിവസമാകുകയാണ്. തനിക്കെതിരെ ഉയർന്ന ആരോപണം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും പരാതി നൽകിയത് യഥാർഥ രീതിയിലൂടെ അല്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു
കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. പരാതിക്കാരിയുമായുള്ള ലൈംഗിക ബന്ധം ഉഭയകക്ഷി സമ്മത പ്രകാരമുള്ളതാണ്. വർഷങ്ങൾ നീണ്ട ബന്ധം തകർന്നപ്പോഴാണ് ബലാത്സംഗ കേസായി മാറ്റിയതെന്നും രാഹുൽ പറയുന്നു. അതേസമയം ഒളിവിലുള്ള രാഹുലിനായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് അന്വേഷണ സംഘം