{"vars":{"id": "89527:4990"}}

രാഹുലിന്‍റേത് നിഷ്ഠൂരമായ പ്രവൃത്തി, കോൺഗ്രസ് ഇതിൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതുണ്ട്: മന്ത്രി വി ശിവൻകുട്ടി

 

പുതിയ പരാതി പുറത്ത് വന്നതോടെ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെ നിശിതമായി വിമർശിച്ച് മന്ത്രി വി ശിവൻകുട്ടി. നിഷ്ഠൂരമായിട്ടുള്ള പ്രവർത്തനമാണ് രാഹുൽ മങ്കൂട്ടത്തിലിൻ്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇതൊന്നും കേരള ജനത അംഗീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഡസൻ കണക്കിന് പരാതികളാണ് വന്നുകൊണ്ടിരിക്കുന്നത്. സ്ഥാനം ഒരു മറയായി ഉപയോഗിക്കുകയാണ് രാഹുൽ.

ഇപ്പോഴും കോൺഗ്രസിന്റെ ക്യാമ്പിൽനിന്ന് നല്ല പിന്തുണ രാഹുലിന് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ജനങ്ങളുടെ മനസ്സാക്ഷിയാണ് കോൺഗ്രസ് മനസ്സിലാക്കേണ്ടിയിരുന്നത്. കോൺഗ്രസ്സാണ് ഇതിൽ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതെന്നും വി ശിവൻകുട്ടി പറഞ്ഞു.

സർക്കാർ ചെയ്യാവുന്നതെല്ലാം ചെയ്തു. നിയമം നിയമത്തിന്റെ വഴിയിൽ മുന്നോട്ടുപോകും. എത്ര വലിയവൻ ആയിരുന്നാലും ഒരു സംരക്ഷണവും കുറ്റക്കാർക്ക് സർക്കാർ നൽകില്ല. ആഭ്യന്തരമന്ത്രി എന്ന നിലയിൽ പിണറായി വിജയൻറെ നിലപാട് കൃത്യമാണെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും ഈ രീതിയിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നിലപാട് സ്വീകരിച്ചിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് ആവശ്യപ്പെട്ടാൽ എംഎൽഎ സ്ഥാനം രാഹുൽ രാജിവെക്കില്ലേ എന്നും മന്ത്രി വി ശിവൻകുട്ടി ചോദിച്ചു. അതാവശ്യപ്പെടാത്ത കോൺഗ്രസിൻറെ മുഖമാണ് ഇതിലൂടെ പുറത്തുവരുന്നത്. നിയമത്തെയും സർക്കാരിനെയും അവർ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കോൺഗ്രസിന്റെ പിന്തുണ ഇല്ലാതെ രാഹുലിന് ഇങ്ങനെ ചെയ്യാൻ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.