രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബലാത്സംഗ കേസ് രാഹുൽ മാങ്കൂട്ടത്തിലിന് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തോട് ഹൈക്കോടതി റിപ്പോർട്ട് തേടി. കേസ് ഡയറി ഹാജരാക്കാൻ കോടതി നിർദേശം നൽകി. ഹർജി ഈ മാസം 15ന് വീണ്ടും പരിഗണിക്കും. അന്നേ ദിവസം വരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്
ആദ്യ കേസിലാണ് അറസ്റ്റിന് വിലക്കുള്ളത്. അതേസമയം രണ്ടാമത്തെ യുവതി നൽകിയ കേസിൽ അറസ്റ്റിന് വിലക്കില്ല. ഇന്നലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ പ്രത്യേകമായി വാദം കേൾക്കണമെന്ന് ഇന്ന് കോടതി തുടങ്ങിയപ്പോൾ രാഹുലിന്റെ അഭിഭാഷകൻ ആവശ്യപ്പെടുകയായിരുന്നു
ഇതോടെ കോടതി ഹർജി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പരാതിക്കാരി ഉന്നയിച്ച പല ആരോപണങ്ങളും രാഹുൽ സമ്മതിച്ചിട്ടുണ്ടല്ലോയെന്നും ചോദിച്ചു. ആരോപണവിധേയൻ എംഎൽഎ അല്ലേ. അദ്ദേഹത്തിന്റെ ആരോപണങ്ങളും ഗൗരവതരമാണ്. ഇത് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. തുടർന്നാണ് കേസ് 15ലേക്ക് മാറ്റിയതും അന്നേ ദിവസം വരെ അറസ്റ്റ് തടഞ്ഞതും.