{"vars":{"id": "89527:4990"}}

രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടു; ജാമ്യാപേക്ഷ 16ന് പരിഗണിക്കും
 

 

പീഡനക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു. 15ന് വൈകിട്ട് കോടതിയിൽ ഹാജരാക്കണം. 16ന് ജാമ്യാപേക്ഷ പരിഗണിക്കും. കേസ് രാഷ്ട്രീയപ്രേരിതം എന്നാണ് രാഹുലിന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചത്. അറസ്റ്റ് ചട്ടവിരുദ്ധമാണെന്നും രാഹുലിന്റെ അഭിഭാഷകർ വാദിച്ചു.

കേസെടുത്തത് നടപടിക്രമങ്ങൾ പാലിക്കാതെയെന്നും പ്രതിഭാഗം കോടതിയിൽ വാദിച്ചു. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോൺഫറൻസിംഗ് വഴിയാണ്. മൊഴിയെടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണമെന്നത് പാലിച്ചില്ല. അറസ്റ്റ് ചെയ്തപ്പോൾ കേസിന്റെ പൂർണ വിവരങ്ങൾ അറിയിച്ചില്ല. ചട്ടം ലംഘിച്ചാണ് പരാതി സ്വീകരിച്ചത്. ഭരണഘടനാവകാശ ലംഘനമുണ്ടായി. സാക്ഷികൾ വേണമെന്ന മിനിമം കാര്യങ്ങൾ പോലും പാലിച്ചില്ലെന്നും പ്രതിഭാഗം വാദിച്ചു

കസ്റ്റഡിയിൽ കിട്ടിയതിനാൽ രാഹുൽ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ഹോട്ടലിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ബലാത്സംഗം നടന്ന ഹോട്ടലിൽ നിന്നും രാഹുലിന്റെ ഡിജിറ്റൽ ഡിവൈസുകളിൽ നിന്നും തെളിവുകൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. കഴിഞ്ഞ ഞായറാഴ്ച ആറുമണിക്കൂറിലധികം ചോദ്യം ചെയ്തെങ്കിലും രാഹുൽ പൂർണമായി സഹകരിച്ചിരുന്നില്ല.