{"vars":{"id": "89527:4990"}}

രാഹുൽ മാങ്കൂട്ടത്തിലിന് കനത്ത തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ തള്ളി, അറസ്റ്റിനും തടസ്സമില്ല
 

 

ബലാത്സംഗ കേസ് പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് കനത്ത തിരിച്ചടി. മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷൻസ് കോടതി തള്ളി. ജാമ്യാപേക്ഷയിൽ വിശദമായ വാദത്തിന് ശേഷമാണ് കോടതി ജാമ്യം തള്ളിയുള്ള സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇന്നലെയും ഇന്നുമായി അടച്ചിട്ട കോടതി മുറിയിലാണ് വിശദമായ വാദം നടന്നത്

രാഹുലിനെതിരെ പ്രോസിക്യൂഷൻ പുതുതായി സമർപ്പിച്ച തെളിവുകളും കോടതി ഇന്ന് പരിശോധിച്ചിരുന്നു. രാഹുലിന്റെ അറസ്റ്റ് തടയണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യവും കോടതി തള്ളി. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു ബലാത്സംഗ കേസ് കൂടി രജിസ്റ്റർ ചെയ്തതായി പ്രോസിക്യൂഷൻ ഇന്ന് കോടതിയെ അറിയിച്ചിരുന്നു.


ഇന്ന് 25 മിനിറ്റ് നീണ്ട വാദത്തിനിടെ മറ്റൊരു തെളിവു കൂടി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. ഇരുവരും തമ്മിലുള്ള ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് ഹാജരാക്കിയത്. പീഡനത്തിനും ഗർഭച്ഛിദ്രത്തിനും തെളിവുണ്ടെന്നും യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.