അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാടിനോടുള്ള ബന്ധത്തില്‍ മാറ്റമില്ലെന്ന് രാഹുല്‍; ആര്‍പ്പുവിളിച്ച് ആയിരങ്ങള്‍: ചുരം കയറി ആവേശം

 

വയനാട്ടിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നല്‍കിയ ആവേശോജ്വലമായ സ്വീകരണത്തോട് വൈകാരികമായി പ്രതികരിച്ച് രാഹുല്‍ ഗാന്ധി. തന്നെ അയോഗ്യനാക്കിയാലും ഇല്ലെങ്കിലും വയനാട്ടുകാരോട് തനിക്കുള്ള ബന്ധത്തില്‍ ഒരു മാറ്റവും വരില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെ ജയിലിലടച്ചാലും വയനാട്ടുകാര്‍ക്കൊപ്പം തന്നെ കാണുമെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയുമാണ് പതിനായിരങ്ങള്‍ ആ വാക്കുകള്‍ ഏറ്റെടുത്തത്.

പ്രധാനമന്ത്രിയ്ക്കും അദാനിയ്ക്കുമെതിരായ വിമര്‍ശനങ്ങള്‍ വയനാട്ടിലെ വേദിയിലും രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. അദാനിയുമായുള്ള ബന്ധം എന്താണെന്ന് പ്രധാനമന്ത്രിയോട് ചോദിച്ചു. എന്നാല്‍ പ്രധാനമന്ത്രി തന്റെ ചോദ്യത്തിന് മറുപടി പറയാന്‍ തയാറായില്ലെന്ന് രാഹുല്‍ പറഞ്ഞു. ബിജെപിയുടെ മന്ത്രിമാര്‍ തന്നെ പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുന്ന സാഹചര്യമുണ്ടായി. തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കണമെന്ന് സ്പീക്കറോട് ആവശ്യപ്പെട്ടു. സ്പീക്കര്‍ക്ക് രണ്ട് കത്തുകള്‍ നല്‍കിയെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചു. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലാത്തതിനാലാണ് തന്നെ പാര്‍ലമെന്റില്‍ നിന്ന് പുറത്താക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ അയോഗ്യനാക്കിയ നടപടി ചോദ്യം ചോദിക്കാനുള്ള മികച്ച അവസരമായെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ‘ബിജെപിക്ക് എന്റെ മേല്‍വിലാസവും സ്ഥാനങ്ങളും എടുത്ത് കളയാന്‍ സാധിച്ചേക്കും. എന്നാല്‍ ബിജെപിക്ക് വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കുന്നതില്‍ നിന്ന് എന്നെ തടയാനാകില്ല’. രാഹുല്‍ ഗാന്ധി പറഞ്ഞു.

ഔദ്യോഗിക വസതിയിലേക്ക് പൊലീസിനെ അയച്ചാല്‍ താന്‍ ഭയക്കുമെന്നാണ് ബിജെപി കരുതുന്നതെങ്കിലും താന്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് അവസാനിപ്പിക്കാന്‍ ബിജെപിയെക്കൊണ്ട് കഴിയില്ലെന്നും രാഹുല്‍ പറഞ്ഞു. ബിജെപി ജനങ്ങളെ ഭീഷണിപ്പെടുത്തുകയും തമ്മിലടിപ്പിക്കുകയും ചെയ്യുന്നു. ബിജെപി പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയെക്കുറിച്ചുള്ള ഒരു ആശയം മാത്രമാണ്. കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്യുന്നത് ഇന്ത്യയുടെ ആശയങ്ങളാണെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇംഗ്ലീഷിലുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം കോണ്‍ഗ്രസ് നേതാവ് എം ലിജുവാണ് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

തന്നെ ജയിലിലടച്ചാലും വയനാടിനോടുള്ള ബന്ധം നിലനില്‍ക്കുമെന്ന് രാഹുല്‍ ഗാന്ധി പറയുന്നു. ഇന്ത്യയിലേയും വയനാട്ടിലേയും പ്രശ്‌നങ്ങള്‍ താന്‍ നിരന്തരം ഉന്നയിച്ചുകൊണ്ടേയിരിക്കും. വയനാട്ടിലെ ജനതയ്ക്ക് രാഹുല്‍ ഈസ്റ്റര്‍, വിഷു പെരുന്നാള്‍ ആശംസകളും നേര്‍ന്നു.