{"vars":{"id": "89527:4990"}}

മഴ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ ചക്രവാതച്ചുഴിയുടെയും പടിഞ്ഞാറൻ കാറ്റിന്റെയും സ്വാധീന ഫലമായി അടുത്ത ദിവസങ്ങളിലും മഴ ശക്തമായി തുടരാനാണ് സാധ്യത. ഇതിന്റെ ഭാഗമായി ഇന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് (ശനിയാഴ്ച) ജാഗ്രതാ നിർദ്ദേശമുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

​കനത്ത മഴയോടൊപ്പം ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. മലയോര മേഖലകളിലും തീരദേശങ്ങളിലും വസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.