{"vars":{"id": "89527:4990"}}

ബലാത്സംഗ കേസ് പ്രതി ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ; ഇതുവരെ ലഭിച്ചത് 14 പരോളുകൾ

 
ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട ദേരാ സച്ഛാ സൗദാ തലവൻ ഗുർമീത് റാം റഹീം സിംഗിന് വീണ്ടും പരോൾ. 40 ദിവസത്തെ പരോളാണ് ഇത്തവണ ഗുർമീതിന് ലഭിച്ചത്. മൂന്ന് മാസം മുമ്പും ഗുർമീതിന് പരോൾ ലഭിച്ചിരുന്നു. 21 ദിവസം പരോളിലിറങ്ങി മടങ്ങിയെത്തിയ ശേഷമാണ് വീണ്ടും പരോൾ ലഭിച്ചിരിക്കുന്നത്. രണ്ട് പേരെ ബലാത്സംഗം ചെയ്ത കേസിൽ 2017ലാണ് ഇയാളെ കോടതി 20 വർഷത്തെ തടവിന് ശിക്ഷിച്ചത്. 2019ൽ പത്രപ്രവർത്തകനായ രാംചന്ദർ ഛത്രപതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഗുർമീത് അടക്കം മൂന്ന് പേരെയും ശിക്ഷിച്ചിരുന്നു. 2002ൽ തന്റെ മാനേജർ രഞ്ജിത്ത് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ റഹീമിന് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചെങ്കിലും 2024ൽ കോടതി ഈ കേസിൽ നിന്ന് കുറ്റവിമുക്തനാക്കി. ഈ വർഷം മാത്രം ഗുർമീതിന് മൂന്ന് തവണയാണ് പരോൾ ലഭിച്ചത്. പഞ്ചാബ്, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഗുർമീതിന് പരോൾ അനുവദിച്ചിരുന്നു. ശിക്ഷ ലഭിച്ചതിന് ശേഷം ഇതുവരെ 14 തവണയാണ് ഗുർമീതിന് പരോൾ അനുവദിച്ചത്.