ബജറ്റ് നിർദേശത്തിലെ നിരക്ക് വർധന പ്രാബല്യത്തിൽ; യുഡിഎഫ് കരിദിനം ആചരിക്കുന്നു
 

 

ബജറ്റിലെ നിർദേശത്തെ തുടർന്നുള്ള നിരക്ക് വർധന സംസ്ഥാനത്ത് ഇന്ന് മുതൽ നിലവിൽ. പെട്രോളിനും ഡീസലിനും ഇന്ന് മുതൽ 2 രൂപ അധികമായി നൽകണം. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനവും പ്രാബല്യത്തിൽ വരും. മദ്യത്തിന്റെ വിലയും ഇന്ന് മുതൽ കൂടും

കെട്ടിട നിർമാണ പെർമിറ്റ് അടക്കം തദ്ദേശ സ്ഥാപനങ്ങൾ ഈടാക്കുന്ന ഫീസിനങ്ങൾ കുത്തനെ കൂട്ടി സർക്കാർ ഉത്തരവിറങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് നിരക്കുകൾ കാലോചിതമായി പരിഷ്‌കരിക്കുമെന്ന ബജറ്റ് നിർദേശത്തിന്റെ ചുവട് പിടിച്ചാണ് തദ്ദേശ ഭരണ വകുപ്പ് ഫീസ് നിരക്കുകൾ കൂട്ടി ഉത്തരവിറക്കിയത്. 

കെട്ടിട നിർമാണത്തിനുള്ള പെർമിറ്റിനും ലൈസൻസിനും ചെലവേറും. പഞ്ചായത്തുകളിൽ ലൈസൻസ് അപേക്ഷ ഫീസ് ചതുരശ്ര മീറ്ററിന് 300 രൂപ മുതൽ 3000 രൂപ വരെയായി ഉയരും. മുൻസിപാലിറ്റിയിൽ 300 മുതൽ 4000 രൂപയായും കോർപറേഷനിൽ 300 മുതൽ 5000 വരെയുമാണ് പുതിയ ഫീസ് നിരക്ക്. 

ജനദ്രോഹ നികുതികൾക്കെതിരെ യുഡിഎഫ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുകയാണ്. മുഴുവൻ പഞ്ചായത്തുകളിലും നഗരങ്ങളിലും പകൽ സമയത്ത് യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. സെക്രട്ടേറിയറ്റിലേക്ക് പ്രകടനവും നടത്തും.