മണിക്കൂറുകൾ നീണ്ട ആശങ്കയ്ക്കൊടുവിൽ ആശ്വാസം; പത്തനംതിട്ട തണ്ണിത്തോട്ടിൽ കിണറ്റിൽ വീണ കുട്ടിയാനയെ രക്ഷപ്പെടുത്തി
പത്തനംതിട്ട: പത്തനംതിട്ട തണ്ണിത്തോട് മേക്കണ് മേഖലയിൽ കിണറ്റിൽ വീണ നാല് വയസ്സ് പ്രായമുള്ള കാട്ടാനക്കുട്ടിയെ വനംവകുപ്പും നാട്ടുകാരും ചേർന്ന് വിജയകരമായി രക്ഷപ്പെടുത്തി. ഏകദേശം ഏഴ് മണിക്കൂറോളമാണ് കുട്ടിയാന കിണറ്റിൽ കുടുങ്ങിക്കിടന്നത്.
ജെ.സി.ബി (ഹിറ്റാച്ചി) ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗം ഇടിച്ച് മണ്ണ് മാറ്റിയാണ് ആനക്കുട്ടിക്ക് പുറത്തേക്ക് വരാനുള്ള വഴിയൊരുക്കിയത്. കിണറ്റിൽ നിന്നും പുറത്തെത്തിയ ആനക്കുട്ടി ജനവാസ മേഖലയിലുള്ള റബർ എസ്റ്റേറ്റിലൂടെ ശരവേഗത്തിൽ ഓടിപ്പോയി. വനമേഖലയുടെ അതിർത്തിയോട് ചേർന്നുള്ള ഭാഗത്തേക്കാണ് ആനക്കുട്ടി ഓടിയത്. കുട്ടിയാനയ്ക്ക് പരിക്കേൽക്കാതെ സുരക്ഷിതമായി കാടുകയറ്റുക എന്ന ലക്ഷ്യത്തോടെ വനംവകുപ്പിന്റെ ആർ.ആർ.ടി (Rapid Response Team) സംഘം ഇതിനെ പിന്തുടരുന്നുണ്ട്.
കുട്ടിയാനയുടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റ് ആനകൾ നേരത്തെ ഈ പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. കുട്ടിയാന ജനവാസ മേഖലയിലൂടെ ഓടിയതും അതിന് പിന്നാലെ നാട്ടുകാരും കൂടിയതും വനപാലകരിൽ ചെറിയ ആശങ്കയുണ്ടാക്കിയെങ്കിലും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്.
അതേസമയം, പ്രദേശത്ത് രാപ്പകൽ ഭേദമില്ലാതെ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് തങ്ങളുടെ കൃഷിയും ജീവനും വലിയ ഭീഷണിയാകുന്നുണ്ടെന്നും വനാതിർത്തിയിൽ ഫെൻസിങ് സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.