ഹോം › കേരളം

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; ക്രിസ്മസ് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

By MJ Desk · 24 Dec 2024, 05:07 PM

മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകൾ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കുവെക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിന്റെ നന്മക്കും വേണ്ടിയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്മസ് ആശംസ അറിയിക്കുകയായിരുന്നു മുഖ്യമന്ത്രി കുറിപ്പിന്റെ പൂർണരൂപം മതങ്ങൾ മനുഷ്യരെ വേർതിരിക്കുന്ന മതിലുകളല്ല; മറിച്ച് ഒരു ചരടിൽ മുത്തുകളെന്ന വണ്ണം മനുഷ്യരെ കോർത്തിണക്കേണ്ട മാനവികതയുടെയും സ്‌നേഹത്തിന്റേയും സന്ദേശവാഹകരാകണം. കേരളം ഇക്കാര്യത്തിൽ ലോകത്തിനു മുന്നിൽ എക്കാലവും ഒരു മാതൃകയാണ്. എല്ലാ ആഘോഷങ്ങളും സ്‌നേഹത്തിന്റെ മധുരം പങ്കു വയ്ക്കാനുള്ള അവസരമായാണ് നമ്മൾ കാണാറുള്ളത്. ഒരു മതവിഭാഗത്തിന്റെ ആഘോഷങ്ങളിൽ മറ്റുള്ളവരും ഒത്തു ചേരും. ഇതു കേരളത്തിന്റെ പാരമ്പര്യമാണ്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ അംഗീകരിക്കാനും മനസ്സിലാക്കാനും അവരുടെ സന്തോഷങ്ങൾ തന്റെ സന്തോഷങ്ങളായി കാണാനുമുള്ള വിശാലത മലയാളിയുടെ പ്രത്യേകതയാണ്. മതങ്ങളെ മനുഷ്യത്വത്തിന്റേയും സാഹോദര്യത്തിന്റേയും മനോഹരാവിഷ്‌കാരങ്ങളായി നിലനിർത്തുന്ന ഉദാത്തമായ വിശ്വമാനവികതയാണ് നമ്മുടെ കരുത്ത്. അതിനെ ദുർബലപ്പെടുത്താനും മതവിശ്വാസത്തെ അപരവിദ്വേഷത്തിന്റെ ഹേതുവായി മാറ്റാനും ചില ക്ഷുദ്ര വർഗീയശക്തികൾ ഇന്നു കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ക്രിസ്മസ് ആഘോഷങ്ങൾക്കെതിരെ സംഘപരിവാർ നടത്തിയ ചില ആക്രമണങ്ങൾ ആ യാഥാർത്ഥ്യത്തിലേയ്ക്കാണ് വിരൽ ചൂണ്ടുന്നത്. കേരളത്തിനും മലയാളികൾക്കും അപമാനമായി മാറുന്ന ഈ സംസ്‌കാരശൂന്യർക്കെതിരെ ഒരുമിച്ച് നിൽക്കാൻ നമുക്ക് സാധിക്കണം. അവരെ ചെറുക്കാനും ഈ നാടിന്റെ യഥാർത്ഥ സത്തയെ സംരക്ഷിക്കാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. അതുകൊണ്ട്, യേശു ക്രിസ്തുവിന്റെ ജന്മദിനം മാനവികതയുടേയും സ്‌നേഹത്തിന്റേയും സന്ദേശങ്ങളാൽ മുഖരിതമാകട്ടെ. വിശ്വാസം കേവലമായ ചര്യയല്ലെന്നും മറിച്ച് മനുഷ്യസ്‌നേഹത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ലോകത്തിനു കാണിച്ചു കൊടുത്ത ജീവിതമായിരുന്നു യേശുവിന്റേത്. ത്യാഗത്തിന്റെയും രക്ത്‌സാക്ഷിത്വത്തിന്റേയ്യും അനശ്വര പ്രതീകമാണ് ക്രിസ്തു. അശരണരേയും ആലംബഹീനരേയും ചേർത്തു നിർത്തിയ യേശു അനീതികൾക്കെതിരെ വിമോചനത്തിന്റെ ശബ്ദമുയർത്തുകയാണ് ചെയ്തത്. യേശുവിന്റെ ത്യാഗം എല്ലാ മനുഷ്യർക്കും ലോകത്തിന്റെ നന്മയ്ക്കും വേണ്ടിയായിരുന്നു. അതുകൊണ്ടു തന്നെ മതവിശ്വാസങ്ങളെ മറ്റുള്ളവരെ വെറുക്കാനും അകറ്റാനുമുള്ള സങ്കുചിത ചിന്താഗതികളാക്കി പരിവർത്തനം ചെയ്യുന്ന വർഗീയ ശക്തികളെ കേരളത്തിന്റെ പടിയ്ക്കു പുറത്തു നിർത്താം. എല്ലാവർക്കും ഒത്തൊരുമിച്ച് ആഹ്‌ളാദത്തോടെ ക്രിസ്മസ് ആഘോഷിക്കാം. ഏവർക്കും ഹൃദയപൂർവ്വം ക്രിസ്മസ് ആശംസകൾ നേരുന്നു.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#CM Pinarayi Vijayan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›