ഉയരേ... ഉയരേ... പ്രായത്തിനപ്പുറം ആഗ്രഹങ്ങൾക്കൊപ്പം
Mar 13, 2025, 08:35 IST
പന്തീരാങ്കാവ് : സ്വന്തംവീടും ചുറ്റുപാടും മാത്രമായി ഒതുങ്ങികഴിയേണ്ടി വരുന്ന വിരസമായ ജീവിത സായാഹ്നത്തിലെത്തിയവർക്ക് വിസ്മയ കാഴ്ചകൾ ഒരുക്കി ഒളവണ്ണ പഞ്ചായത്ത് ഒന്നാം വാർഡ് ഇരിങ്ങല്ലൂർ ഉല്ലാസ യാത്ര സംഘടിപ്പിച്ചു. 65വയസിനു മുകളിൽ പ്രായമുള്ള 35 പേരാണ് യാത്രയിൽ പങ്കെടുത്തത്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും നെടുമ്പാശേരി വരെ നടത്തിയ വിമാനയാത്ര വികെസി മമ്മദ് കോയ ഫ്ലാഗ് ഓഫ് ചെയ്തു. യാത്രയിൽ പങ്കെടുത്ത പലരുടെയും സ്വപ്നമായിരുന്നു വിമാന യാത്ര നടത്തുക എന്നത്. അതുകൊണ്ടു തന്നെ പലരുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. കൊച്ചിയിലെത്തിയ ശേഷം കൊച്ചി മെട്രോ റെയിൽ, വാട്ടർ മെട്രോ എന്നിവയിൽ യാത്ര ചെയ്തു. ഹിൽ പാലസ്, മറൈൻഡ്രൈവ്, ഫോർട്ട് കൊച്ചി എന്നിവ സന്ദർശിച്ചാണ് ടീം കോഴിക്കോട്ടേക്ക് മടങ്ങിയത്. ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി, പി സുധീഷ്, സിഡിഎസ് അംഗം ശാന്തി, അങ്കണവാടി വർക്കർ നിഷ, എ രഞ്ജിത്ത്, സി രഞ്ജിത്ത്, എം എം സലൂജ, സന്ധ്യ, സുർജിത്ത് എന്നിവർ വളൻ്റിയർമാരായി വയോജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. '2024 മെയ് മാസത്തിൽ നടത്തിയ വയോജന ഉല്ലാസയാത്രക്കിടെ ആണ് അവരുടെ വിമാനായാത്രയെന്ന സ്വപ്നം പങ്കുവെച്ചത്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ, വാർധക്യത്തിൻ്റെ വിരസതയിൽ നിന്ന്, സന്തോഷത്തിൻ്റെ നീലാകാശത്തിലേക്ക് പറക്കാൻ, നിറം മങ്ങിയ കണ്ണുകളിൽ സന്തോഷത്തിൻ്റെ പൂത്തിരി കത്തിക്കാനയത്തിൻ്റെ സന്തോഷത്തിലാണ് സംഘാടകർ.