റോഡ് ഉപരോധിച്ച കേസ്: പി.പി ചിത്തരഞ്ജൻ അടക്കമുള്ള സി.ഐ.ടി.യു നേതാക്കൾക്ക് അപൂർവ്വ ശിക്ഷ വിധിച്ച് മജിസ്‌ട്രേറ്റ് കോടതി
തിരുവനന്തപുരം: തലസ്ഥാനത്ത് പൊതുജനങ്ങൾക്ക് ഗതാഗത തടസ്സമുണ്ടാക്കി വഴിതടഞ്ഞ് പ്രകടനം നടത്തിയ കേസിൽ മുൻ എം.എൽ.എ പി.പി ചിത്തരഞ്ജൻ ഉൾപ്പെടെ മൂന്ന് സി.ഐ.ടി.യു നേതാക്കൾക്ക് കോടതിയുടെ അപൂർവ്വ ശിക്ഷ. രാവിലെ മുതൽ വൈകുന്നേരം കോടതി പിരിയും വരെ നിൽക്കാനാണ് (കോടതി പിരിയും വരെയുള്ള തടവ്) തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) കോടതി ജഡ്ജി ടാനിയ മറിയം ജോസ് ശിക്ഷ വിധിച്ചത്. പ്രതികൾക്ക് 1600 രൂപ വീതം പിഴയും ചുമത്തിയിട്ടുണ്ട്.
മുൻ എം.എൽ.എ പി.പി ചിത്തരഞ്ജന് പുറമെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതാക്കളായ പി.എം വഹീദ, എൻ.കെ രാമചന്ദ്രൻ എന്നിവരാണ് ശിക്ഷിക്കപ്പെട്ട മറ്റ് രണ്ടുപേർ.
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപം മുതൽ സെക്രട്ടറിയേറ്റ് വരെ റോഡ് ഉപരോധിച്ച് നടത്തിയ പ്രകടനമാണ് കേസിനാസ്പദമായ സംഭവം. പൊതുവഴി തടസ്സപ്പെടുത്തി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി നേതാക്കൾക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചത്. കോടതി നടപടികൾ അവസാനിക്കുന്നത് വരെ പ്രതികൾക്ക് കോടതി മുറിയിൽ നിലയുറപ്പിക്കേണ്ടി വന്നു.