{"vars":{"id": "89527:4990"}}

കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം
 

 

കൊച്ചി പച്ചാളത്ത് റെയിൽവേ ട്രാക്കിൽ ആട്ടുകല്ല് കണ്ടെത്തി. ട്രെയിൻ അട്ടിമറിക്കാനുള്ള ശ്രമമെന്നാണ് സംശയം. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെ നാലരയോടെ മൈസൂരു-തിരുവനന്തപുരം കൊച്ചുവേളി എക്‌സ്പ്രസ് കടന്നുപോയതിന് ശേഷമാണ് ആട്ടുകല്ല് കണ്ടെത്തിയത്. ട്രാക്കിന്റെ നടുക്കാണ് ആട്ടുകല്ലുണ്ടായിരുന്നത്

ആട്ടുകല്ലിന് അധികം വലുപ്പമില്ലാത്തിനാൽ ട്രെയിൻ അതിന് മുകളിലൂടെ കടന്നുപോകുകയായിരുന്നു. ഇതേ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് വിവരം റെയിൽവേ പോലീസിനെ അറിയിച്ചത്. ട്രാക്കിന്റെ വശങ്ങളിലാണ് ആട്ടുകല്ല് വെച്ചിരുന്നതെങ്കിൽ വൻ ദുരന്തത്തിന് ഇടയാകുമായിരുന്നു. 

നോർത്ത് റെയിൽവേ സ്‌റ്റേഷന് സമീപമുള്ള പച്ചാളം റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. സമീപത്തെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസ് പരിശോധിക്കുന്നുണ്ട്.