{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു
 

 

ശബരിമല സ്വർണക്കൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കോടതി റിമാൻഡ് ചെയ്തു. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണമോഷണ കേസിൽ 14 ദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതോടെയാണ് പോറ്റിയെ റിമാൻഡ് ചെയ്തത്. ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണമോഷണ കേസിൽ പോറ്റിയുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്നാണ് പൂർത്തിയായത്. 

അപസ്മാര ബാധിതനാണെന്നും ജയിലിൽ പോകാൻ ബുദ്ധിമുട്ടുണ്ടെന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ അഭിഭാഷകൻ പറഞ്ഞു. എന്നാൽ ജയിലിൽ വൈദ്യ പരിശോധനക്കുള്ള സജ്ജീകരണങ്ങളുണ്ടെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. പോറ്റിയെ തിരുവനന്തപുരം സ്‌പെഷ്യൽ സബ് ജയിലിലേക്ക് മാറ്റി. 

അതേസമയം ശബരിമല ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണം തട്ടിയെടുത്ത കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റ് അടുത്ത ദിവസം രേഖപ്പെടുത്തും. ഈ കേസിൽ നവംബർ മൂന്നിന് റാന്നി കോടതിയിൽ ഹാജരാക്കി പോലീസ് കസ്റ്റഡിയിൽ വാങ്ങും.