ശബരിമല സ്വർണക്കൊള്ള കേസ്: എൻ വാസു ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയിൽ
ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീം കോടതിയെ സമീപിച്ചു. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ നൽകിയത്. അന്വേഷണവുമായി താൻ പൂർണമായി സഹകരിച്ചിട്ടുണ്ടെന്ന് അപ്പീലിൽ പറയുന്നു. ഈ സാഹചര്യത്തിൽ തന്നെ കൂടുതൽ നാൾ കസ്റ്റഡിയിൽ വെക്കേണ്ടതില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം
ശബരിമല സ്വർണക്കൊള്ള കേസിൽ മറ്റൊരു പ്രതിയായ ജയശ്രീയും സുപ്രീം കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ആരോഗ്യനിലയടക്കം ചൂണ്ടിക്കാട്ടിയാണ് ഇവർ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഇവരുടെ ജാമ്യാപേക്ഷ അംഗീകരിക്കുകയും ചെയ്തിരുന്നു
അതേസമയം കേസിൽ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് പ്രത്യേക അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നൽകിയ ഹർജി തിങ്കളാഴ്ച പരിഗണിക്കുമ്പോൾ എസ്‌ഐടി നിലപാട് അറിയിക്കും.