ശബരിമല സ്വർണക്കൊള്ള: പത്മകുമാറിന്റെ വീട്ടിലെ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി സൂചന
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടിൽ നിന്നും നിർണായക രേഖകൾ പിടിച്ചെടുത്ത് എസ്‌ഐടി. ഇന്നലെ ഉച്ചയോടുകൂടിയാണ് പത്മകുമാറിന്റെ വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. മണിക്കൂറുകൾ നീണ്ട പരിശോധനകൾക്ക് ശേഷമാണ് രേഖകൾ എസ്ഐടി പിടിച്ചെടുത്തത്. സാമ്പത്തിക ഇടപാടുകളുടെ രേഖകൾ ഉൾപ്പെടെയാണ് അന്വേഷണ സംഘം പിടിച്ചെടുത്തത്.
എ പത്മകുമാറിന്റെ മൊഴിയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും കടകംപള്ളി സുരേന്ദ്രനും ഉൾപ്പെടുന്നുണ്ട്. അതിനാൽ അന്വേഷണം കടകംപള്ളി സുരേന്ദ്രനിലേക്കും നീങ്ങാൻ സാധ്യതയുണ്ട്. എ പത്മകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡിലെ കൂടുതൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനാണ് എസ്‌ഐടിയുടെ നീക്കം.
കേസിൽ ദേവസ്വം ബോർഡ് മുൻ അംഗങ്ങളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. കെപി ശങ്കർദാസ്, എൻ വിജയകുമാർ എന്നിവരെയാണ് നോട്ടീസ് നൽകി വിളിപ്പിക്കുക. മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അധികം വൈകാതെ ചോദ്യം ചെയ്‌തേക്കും.