{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള: പ്രഭാമണ്ഡലത്തിലെ സ്വർണവും നഷ്ടമായെന്ന് എസ്‌ഐടി റിപ്പോർട്ട്
 

 

ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. കട്ടിളയുടെ മുകൾപ്പടി ചെമ്പ് പാളിയിലും, കട്ടിളക്ക് മുകളിൽ പതിച്ചിട്ടുള്ള ശിവരൂപവും, വ്യാളി രൂപവുമടങ്ങുന്ന പ്രഭാ മണ്ഡലത്തിലുമുള്ള സ്വർണം കവർന്നു.

ശബരിമല ശ്രീകോവിൽ വാതിലിന്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികൾക്ക് മുകളിലെ ശിവരൂപത്തിലെ ഉൾപ്പെടെ ഏഴ് പാളികളിലെയും സ്വർണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

കൊല്ലം വിജിലൻസ് കോടതിയിൽ എസ്‌ഐടി സമർപ്പിച്ച പകർപ്പിലാണ് സുപ്രധാന കണ്ടെത്തൽ. കൊള്ളയടിച്ച സ്വർണം ഒമ്പതാം പ്രതി പങ്കജ് ബാരിയുടെ ഉടമസ്ഥതയിലുള്ള ചെന്നൈ അമ്പത്തൂരിലുള്ള സ്മാർട്ട് ക്രിയേഷൻസിൽ വെച്ച് രാസമിശ്രിതം ഉപയോഗിച്ച് വേർതിരിച്ചെടുത്തു. സ്വർണം പങ്കജ് ഭണ്ഡാരിയുടെയും, കർണ്ണാടക ബെല്ലാരിയിലെ വ്യാപാരിയായ ഗോവർധന്റേയും കൈകളിൽ ഉണ്ടെന്നതിന് തെളിവുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.