ശബരിമല സ്വർണക്കൊള്ള: എസ് ഐ ടി സംഘത്തിന്റെ ശാസ്ത്രീയ പരിശോധന പൂർത്തിയായി
Nov 18, 2025, 08:33 IST
ശബരിമല സ്വർണക്കൊള്ളയിൽ സന്നിധാനത്ത് എസ്‌ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ഇന്ന് പുലർച്ചെയാണ് പരിശോധന അവസാനിച്ചത്. കട്ടിളപ്പാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു.
സോപാനത്തെ പാളികൾ തിരികെ സ്ഥാപിച്ചു. ഏകദേശം പത്ത് മണിക്കൂറുകളോളമാണ് പരിശോധന നടത്തിയത്. എസ്‌ഐടി സംഘം ഇന്ന് സന്നിധാനത്ത് നിന്ന് മടങ്ങും. കാലപ്പഴക്കം പരിശോധിക്കുന്നത് പാളികൾ വ്യാജമാണോ എന്നറിയുന്നതിൽ നിർണായകമാണ്.
കേസിൽ പ്രതിയായ മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജയശ്രീയുടെ അറസ്റ്റ് ഹൈക്കോടതി നേരത്തെ താത്കാലികമായി തടഞ്ഞിരുന്നു. സ്വർണക്കൊള്ളയിൽ പങ്കില്ലെന്നും മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരം ഫയലിൽ ഒപ്പിടുക മാത്രമാണ് ചെയ്തതെന്നുമാണ് ഇവർ ഹർജിയിൽ പറയുന്നത്.