ശബരിമല സ്വർണക്കൊള്ള: പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്‌ഐടി ഇന്ന് അപേക്ഷ നൽകും
ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ പത്മകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ എസ്‌ഐടി അപേക്ഷ നൽകും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ഇടപാടുകളിൽ വിശദമായ പരിശോധനക്കായാണ് കസ്റ്റഡിയിൽ വാങ്ങുന്നത്.
താൻ പ്രസിഡന്റാകുന്നതിന് മുമ്പ് തന്നെ പോറ്റി ശബരിമലയിൽ ശക്തനായിരുന്നുവെന്നും തന്ത്രി അടക്കമുള്ളവരുമായി നല്ല ബന്ധമാണെന്നും പത്മകുമാർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം കട്ടിളപ്പാളികളിൽ സ്വർണം പൂശാനുള്ള സ്‌പോൺസർഷിപ്പിനായി പോറ്റിയെ പത്മകുമാർ വഴിവിട്ട് സഹായിച്ചെന്നാണ് കണ്ടെത്തൽ
ഇതിനായി മിനുട്‌സിൽ അടക്കം തിരുത്തൽ വരുത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്. പോറ്റി സർക്കാരിനെയും സമീപിച്ചിരുന്നുവെന്ന മൊഴിയിലും കൂടുതൽ വ്യക്തതയുണ്ടാകും. നിലവിൽ റിമാൻഡിലുള്ള മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന്റെ ജാമ്യ ഹർജിയിലും ഇന്ന് വാദമുണ്ടാകും.