ശബരിമല സ്വർണക്കൊള്ള: കൊടിമരം മാറ്റി സ്ഥാപിച്ചതും എസ് ഐ ടി അന്വേഷിക്കും
Jan 14, 2026, 10:10 IST
ശബരിമലയിലെ കൊടിമരം മാറ്റി സ്ഥാപിച്ചതും എസ്‌ഐടി അന്വേഷിക്കും. 2017ലാണ് ശബരിമലയിൽ കൊടിമരം മാറ്റി സ്ഥാപിച്ചത്. കൊടിമര നിർമാണവും ഇനി എസ്‌ഐടി അന്വേഷിക്കും. പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്.
ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്‌ഐടിയും ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചത്. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരിൽ നിന്നും എസ് ഐടി മൊഴിയെടുത്തിരുന്നു. അപ്പോഴാണ് കൊടിമരം മാറ്റിസ്ഥാപിച്ചത് സംബന്ധിച്ച വിവരങ്ങൾ എസ്‌ഐടിക്ക് ലഭിച്ചത്.
പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകൻമാർക്കും വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. രാജ കാലഘട്ടത്തിൽ സമ്മാനം ലഭിച്ചതാണ് ഇതെന്നാണ് രേഖകളിൽ പറയുന്നത്. ഈ വാജി വാഹനം തന്ത്രിയുടെ വസതിയിൽ നിന്ന് കണ്ടെത്തിയിരുന്നു.