{"vars":{"id": "89527:4990"}}

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
 

 

ശബരിമല സ്വർണക്കൊള്ള കേസിൽ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. കട്ടിളപ്പാളി കേസിൽ 90 ദിവസത്തെ റിമാൻഡ് പിന്നിട്ടതോടെയാണ് കൊല്ലം വിജിലൻസ് കോടതിയിൽ പോറ്റി സ്വാഭാവിക ജാമ്യം തേടിയത്. ജാമ്യഹർജിയിൽ ഇന്നലെ വാദം പൂർത്തിയായി. ദ്വാരപാലക കേസിൽ പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു

എസ്‌ഐടി കുറ്റപത്രം സമർപ്പിക്കാത്തതിനാൽ കട്ടിളപ്പാളി കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചേക്കും. കേസിൽ ഇതുവരെ മൂന്ന് പ്രതികളാണ് പുറത്തിറങ്ങിയത്. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബു, മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ എന്നിവർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചു. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിന് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 43ാം ദിവസം കോടതി ജാമ്യം നൽകി

അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ നിയമസഭ ഇന്നും പ്രക്ഷുബ്ദമാകും. രണ്ട് പ്രതിപക്ഷ എംഎൽഎമാർ സഭാകവാടത്തിൽ സത്യാഗ്രഹം തുടരുകയാണ്. യുഡിഎഫ് ഇന്നും സഭാ നടപടികളുമായി സഹകരിക്കാൻ സാധ്യതയില്ല.