സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഖിൽ മാരാർ; നാൽപത് കോടി രൂപ ബിജെപിയിൽ നിന്ന് കൈപ്പറ്റി
ട്വന്റി20 വിട്ടതിന് പിന്നാലെ സാബു എം. ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങളുമായി അഖിൽ മാരാർ രംഗത്ത്. കൊട്ടാരക്കരയിൽ മത്സരിക്കാൻ ഉറപ്പ് നൽകിയ ശേഷം തൃക്കാക്കരയിൽ മത്സരിക്കാൻ തന്നെ നിർബന്ധിച്ചെന്നും, വ്യക്തിപരമായ നേട്ടങ്ങൾക്കായാണ് സാബു എം. ജേക്കബ് എൻഡിഎയുമായി ചേർന്നതെന്നും അഖിൽ മാരാർ ആരോപിച്ചു. ബിജെപിയിൽ നിന്ന് 40 കോടി രൂപ കൈപ്പറ്റിയെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു.
ട്വന്റി20യ്ക്കായി സ്ഥാനാർഥികളെ കണ്ടെത്താൻ ചുമതലപ്പെടുത്തിയ ഡൽഹി സ്വദേശിയായ റാം പലതവണ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും, കൊട്ടാരക്കരയിൽ സ്വതന്ത്ര സ്ഥാനാർഥിയാകാനുള്ള ഒരുക്കത്തിനിടെ വീണ്ടും ബന്ധപ്പെട്ട് അവിടെത്തന്നെ മത്സരിപ്പിക്കാമെന്ന് ഉറപ്പ് നൽകിയെന്നും അഖിൽ മാരാർ പറഞ്ഞു. പ്രചാരണത്തിനായി പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും എത്തിക്കാമെന്ന് സാബു എം. ജേക്കബ് ഉറപ്പ് നൽകിയിരുന്നുവെന്നും അഖിൽ മാരാർ അവകാശപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകളും അഖിൽ മാരാർ പുറത്തുവിട്ടിട്ടുണ്ട്.
തിരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ പ്രവർത്തനത്തിൽ താൽപര്യം നഷ്ടമായെന്നും, 19 മണ്ഡലങ്ങളുമായി ബന്ധപ്പെട്ട് ബിജെപിയിൽ നിന്ന് സാബു എം. ജേക്കബ് 40 കോടി രൂപ കൈപ്പറ്റിയെന്നും അഖിൽ മാരാർ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾക്കൊന്നും അഖിൽ മാരാർ പൊതുവേദിയിൽ തെളിവുകൾ പുറത്തുവിട്ടിട്ടില്ല.
ട്വന്റി20യിൽ നിന്ന് അഖിൽ മാരാർ രാജിവെച്ചതിന് പിന്നാലെ, അദ്ദേഹത്തിന്റെ ആരോപണങ്ങൾ തള്ളിക്കൊണ്ട് ട്വന്റി20 സമൂഹമാധ്യമങ്ങളിലൂടെ വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെ ആരോപണങ്ങൾ കൂടുതൽ ശക്തമാക്കി അഖിൽ മാരാർ വീണ്ടും രംഗത്തെത്തിയത്.