സാദിഖലി തങ്ങൾക്കെതിരായ അധിക്ഷേപ പോസ്റ്റ്; പ്രതി മുഹമ്മദ് റോഷനായി തെരച്ചിൽ ഊർജിതം
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്ന കേസിലെ പ്രതി മുഹമ്മദ് റോഷനായി തെരച്ചിൽ ഊർജിതമാക്കി അന്വേഷണ സംഘം. ഇയാൾ ജില്ല വിട്ടതായാണ് സൂചന. വ്യാജ ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവിൽ നിന്നും 15 കോടി തട്ടിയെടുക്കാൻ ശ്രമിച്ചതിന്റെ തെളിവുകൾ പോലീസിന് ലഭിച്ചിട്ടുണ്ട്
ഭീഷണിക്ക് വഴങ്ങാതായതോടെയാണ് ഇയാൾ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പോസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുത്താൽ മാത്രമേ മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാൻ സാധിക്കൂ
ഷാൻ ഷാനു എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നാണ് ആദ്യം പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മുസ്ലിം ലീഗ് പരാതി നൽകിയതിന് പിന്നാലെ ഈ അക്കൗണ്ട് അപ്രത്യക്ഷമായി. പിന്നാലെയാണ് സാദിഖലി തങ്ങളുടെ വ്യാജ ചിത്രങ്ങൾ കാണിച്ച് ബന്ധുവായ തന്നെ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ ഭീഷണിപ്പെടുത്തിയതായി മുഈനലി തങ്ങൾ മലപ്പുറം എസ് പിക്ക് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോസ്റ്റിന് പിന്നിൽ മുഹമ്മദ് റോഷനാണെന്ന് വ്യക്തമായത്.