കൊച്ചു കേരളത്തിലും വീശി 'കാവിക്കാറ്റ്'; ഭയം വേണ്ട ജാഗ്രത മതി
കൊച്ചു കേരളത്തിലും ആഞ്ഞു വീശി കാവിക്കാറ്റ്. ബിജെപിക്കെതിരായ കേരളത്തിന്‍റെ പ്രതിരോധം തകർത്തു കൊണ്ടാണ് എൻഡിഎ കേരളത്തിൽ ശക്തിയാർജിച്ചിരിക്കുന്നത്. മൂന്ന് സീറ്റുകൾ മാത്രമേ അവർക്ക് നേടാനായുള്ളൂവെങ്കിലും താമരയ്ക്ക് വേരു പിടിക്കുന്നു എന്നത് വ്യക്തമാണ്.
വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, ബി.ബി. ഗോപകുമാർ എന്നിവരാണ് താമര വിരിയിച്ചത്. ബിജെപിയുടെ വലയിൽ ദീർഘനാളുകളായി വീഴാതിരുന്ന ദക്ഷിണേന്ത‍്യൻ സംസ്ഥാനങ്ങൾ അവരിലേക്കടുക്കുന്നുവെന്നു വേണം കരുതാൻ.
കമ്മ‍്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ള കേരളത്തിൽ ഒരിക്കലും താമര വിരിയില്ലെന്നായിരുന്നു പല രാഷ്ട്രീയ നിരീക്ഷകരുടെയും വിലയിരുത്തൽ. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ അവർക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
2016ലാണ് കേരളത്തിൽ ആദ‍്യമായി താമര വിരിഞ്ഞത്. അന്ന് ഒ. രാജഗോപാലായിരുന്നു നേമത്ത് വിജയിച്ചത്. ബിജെപിയുടെ വിജയം എന്നതിലുപരി അതു രാജഗോപാലിന്‍റെ വ്യക്തിപ്രഭാവത്തിനു ലഭിച്ച സ്വീകാര്യത ആയാണ് കണക്കാക്കിയിരുന്നത്.
പാർട്ടിക്കുള്ളിൽ അദ്ദേഹത്തിന് അത്ര മികച്ച പിന്തുണയൊന്നും ലഭിച്ചിരുന്നുമില്ല. എന്നാൽ നിലവിൽ വിജയിച്ച മൂന്നു പേർക്കും പാർട്ടിയുടെ ശക്തമായ പിന്തുണയുണ്ട്. മൂവരും ബിജെബപിയുടെ യഥാർഥ ശബ്ദം നിയമസഭയിൽ ഉയർത്തുമെന്നാണ് പാർട്ടി പ്രവർത്തകരുടെ പ്രതീക്ഷ.