സുധാകരനെതിരെ ഒളിയമ്പുമായി സജി ചെറിയാൻ; വി.എസ് ഉണ്ടായിരുന്നെങ്കിൽ പാർട്ടിയിലെ ഒറ്റുകാരെ വെറുതെ വിടില്ലായിരുന്നു
ആലപ്പുഴ: മുതിർന്ന സി.പി.എം നേതാവ് ജി. സുധാകരനെതിരെ പരോക്ഷ വിമർശനവുമായി സജി ചെറിയാൻ. വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരുന്നെങ്കിൽ പാർട്ടിയിലെ ഒറ്റുകാരെയും വർഗവഞ്ചകരെയും വെറുതെ വിടില്ലായിരുന്നുവെന്ന് സജി ചെറിയാൻ പറഞ്ഞു. വി.എസ്. അച്യുതാനന്ദൻ അനുസ്മരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടിയെ പിന്നിൽ നിന്ന് കുത്തുന്നവർക്കെതിരെ വി.എസ് സ്വീകരിച്ചിരുന്ന കടുത്ത നിലപാടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തുന്നവരോടും ഒറ്റുകാരായ നേതാക്കളോടും വി.എസ് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും കാണിച്ചിരുന്നില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
അമ്പലപ്പുഴ തിരഞ്ഞെടുപ്പ് വീഴ്ചയുമായി ബന്ധപ്പെട്ട് ജി. സുധാകരനെതിരെ പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചതും അടുത്തിടെ പ്രാദേശികമായി ഉയർന്നുവന്ന വിവാദങ്ങളും നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് സജി ചെറിയാന്റെ ഈ പ്രസ്താവന ഏറെ ശ്രദ്ധേയമാകുന്നത്. സുധാകരന്റെ പേര് എടുത്തുപറഞ്ഞില്ലെങ്കിലും, ലക്ഷ്യം ജി. സുധാകരൻ തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.