{"vars":{"id": "89527:4990"}}

കോൺഗ്രസുകാരനായതിന്റെ പേരിൽ വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ പേരായിരുന്നു സലിം കുമാർ; കെ സി വേണുഗോപാല്‍

 

നടന്‍ സലിം കുമാറിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. കോണ്‍ഗ്രസുകാരനായതിന്റെ പേരില്‍ മാത്രം വന്നുചേരാത്ത ഒന്നിനെയും നഷ്ടങ്ങളായി കാണാത്ത ധൈര്യത്തിന്റെ കൂടി പേരായിരുന്നു സലിം കുമാറെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ലീഡറുടെ ശേഷിപ്പുകള്‍ ഉള്ളില്‍പ്പേറിയ കോണ്‍ഗ്രസുകാരനാണ് സലിം കുമാറെന്നും അദ്ദേഹം പറഞ്ഞു.

'സ്‌കൂളില്‍ പഠിക്കുന്ന കാലത്ത്, ഒരാള്‍ക്ക് കഴുത്തില്‍ മാലയിടാനുണ്ടെന്ന് പറഞ്ഞ് തന്നെ അച്ഛന്‍ കൂട്ടിക്കൊണ്ടുപോയ കഥ സലിം എന്നും ഓര്‍ത്തുപറയാറുണ്ട്. മാലയിടുമ്പോള്‍, തന്റെ കവിളില്‍ തലോടിയ കൈകള്‍ സാക്ഷാല്‍ കെ കരുണാകരന്റേതായിരുന്നുവെന്ന് പില്‍ക്കാലം ബോധ്യപ്പെടുത്തിയപ്പോള്‍, അടിമുടി കോണ്‍ഗ്രസുകാരനായ സലിം കുമാര്‍ കൂടി ജനിക്കുകയായിരുന്നു', കെ സി വേണുഗോപാല്‍ പറഞ്ഞു.

വ്യക്തിപരമായി ഹൃദയബന്ധമുണ്ടായിരുന്ന മനുഷ്യനാണ് സലിം കുമാറെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുടുംബ വിശേഷവും സിനിമാ വിശേഷവും രാഷ്ട്രീയവും ഒരേ നിലയില്‍ ചര്‍ച്ച ചെയ്യുന്ന സൗഹൃദമായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തും ഓടിനടന്ന് കോണ്‍ഗ്രസിനായി പ്രചാരണം നടത്തിയ സലിം തങ്ങളുടെയൊക്കെ ഹൃദയത്തില്‍ തന്നെ എക്കാലവും ജീവിക്കുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

മകന്‍ ചന്തുവുമായുള്ള ബന്ധവും സലീമില്‍ നിന്ന് തുടങ്ങിയതാണ്. പക്ഷേ, അതിന് തുടക്കമേയുള്ളൂ, അവസാനമില്ല, സലീമിന്റെ തമാശകള്‍ പോലെ. ഒരു ചിരിയുള്ള നോവായി കടന്നുപോയ പ്രിയ സുഹൃത്തിന് മുന്നില്‍ പ്രണാമം' കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇന്നലെ രാത്രി 10.40ഓടെയായിരുന്നു സലിം കുമാറിന്റെ അന്ത്യം സ്ഥിരീകരിച്ചത്. 56 വയസായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. രാവിലെ ഒമ്പതിന് പറവൂര്‍ ടൗണ്‍ഹാളില്‍ പൊതുദര്‍ശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം വീട്ടില്‍ വെച്ചായിരിക്കും സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. നേരത്തെ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ സലിം കുമാര്‍ ദീര്‍ഘനാളായി അസുഖ ബാധിതനായിരുന്നു.

മലയാള സിനിമയില്‍ ഹാസ്യവേഷങ്ങളില്‍ തിളങ്ങിയ സലിം കുമാര്‍ സ്വഭാവ വേഷങ്ങളിലും തന്മയത്വത്തോടെയുള്ള അഭിനയ മികവ് തെളിയിച്ചിരുന്നു. 1996-ല്‍ 'ഇഷ്ടമാണ് നൂറുവട്ടം' എന്ന സിനിമയിലൂടെയായിരുന്നു സലിം കുമാറിന്റെ സിനിമാ അരങ്ങേറ്റം. 2006ല്‍ അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സലിംകുമാര്‍ അര്‍ഹനായി. 2011ല്‍ ആദാമിന്റെ മകന്‍ അബുവെന്ന ചിത്രത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന,ദേശീയ ചലച്ചിത്ര പുരസ്‌കാരവും സലിം സ്വന്തമാക്കി. മൂന്ന് പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തില്‍ 320ലധികം കഥാപാത്രങ്ങളെയാണ് സലിം കുമാറെന്ന അഭിനേതാവ് അവിസ്മരണീയമാക്കിയത്. സംസ്ഥാന ചലചിത്ര പുരസ്‌കാരം നേടിയ കറുത്ത ജൂതന്‍ ഉള്‍പ്പെടെ മൂന്ന് സിനിമകളില്‍ സംവിധായകനെന്ന നിലയിലും കൈയ്യൊപ്പ് പതിപ്പിച്ചു. കറുത്ത ജൂതന് മികച്ച കഥയ്ക്കുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. കറുത്ത ജൂതന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ചത് സലിം കുമാറായിരുന്നു.