പോലീസിനെ വിളിച്ചത് സന്ദീപ്; പരാതിക്കാരനെന്ന നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് എഡിജിപി

 

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്ടറെ കുത്തിക്കൊന്ന സംഭവത്തിൽ വിശദീകരണവുമായി എഡിജിപി എംആർ അജിത് കുമാർ. സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചത് പരാതിക്കാരനെന്ന നിലയിലായിരുന്നുവെന്ന് എഡിജിപി പറഞ്ഞു. ഡോക്ടറുടെ മരണത്തിലേക്ക് നയിച്ച സംഭവം തികച്ചും ദൗർഭാഗ്യകരമാണെന്നും എഡിജിപി പറഞ്ഞു

തന്നെ ആക്രമിക്കുന്നുവെന്ന് സന്ദീപ് തന്നെയാണ് കൺട്രോൺ റൂമിലേക്ക് വിളിച്ചത്. രാത്രി ഒന്നരയോടെയായിരുന്നുവിത്. സ്‌റ്റേഷനിൽ നിന്ന് ഇയാളെ തിരിച്ചുവിളിച്ചപ്പോൾ ഈ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. ഏകദേശം മൂന്ന് മണിയോടെ ഇയാൾ വീണ്ടും മറ്റൊരു നമ്പറിൽ നിന്ന് കൺട്രോൾ റൂമിലേക്ക് വിളിച്ചു. ഇത്തവണ ലൊക്കേഷനടക്കം എടുത്ത ശേഷം പോലീസ് സ്ഥലത്തേക്ക് ചെന്നു

ഈ സമയം വഴിയിൽ ഒരു വടിയുമായി ഇയാൾ നിൽക്കുകയായിരുന്നു. എതിർവശത്ത് ഏതാനും പേരുമുണ്ട്. തന്നെ ഇവർ കൊല്ലാൻ നോക്കുകയാണെന്ന് സന്ദീപ് പോലീസിനോട് പറഞ്ഞു. കാലിൽ പരുക്കേറ്റിട്ടുമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. ഈ സമയമൊക്കെ ഇയാൾ ശാന്തനായിരുന്നുവെന്നും എഡിജിപി വ്യക്തമാക്കി. 

കാഷ്വാലിറ്റിയിൽ പരിശോധിച്ച ഡോക്ടർ എക്‌സ്‌റേ എടുക്കുന്നതിനും മുറിവ് ഡ്രസ് ചെയ്യുന്നതിനുമായി ഡ്രസിംഗ് റൂമിലേക്ക് അയച്ചു. ഇതിനിടെയാണ് തന്റെ ബന്ധുവിനെ ഇയാൾ ആശുപത്രിയിൽ കണ്ടത്. ഇതോടെയാണ് സന്ദീപ് അക്രമാസക്തനായത്. ആദ്യം ബന്ധുവിനെയാണ് ഇയാൾ ആക്രമിച്ചത്. പിന്നീട് രണ്ട് പോലീസുകാരെ ആക്രമിച്ചു. ഇതിന് ശേഷമായിരുന്നു ഡോക്ടർ വന്ദനക്ക് നേരെ ആക്രമണം നടന്നത്. പരാതിക്കാരൻ എന്ന നിലയിലാണ് പരുക്കേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. നാട്ടുകാരെയും ബന്ധുവിനെയും ഒപ്പം കൂട്ടിയിരുന്നു. അധ്യാപകനായ ഇയാൾ മദ്യപാനിയാണെന്നാണ് നാട്ടുകാരിൽ നിന്നും ലഭിച്ച വിവരമെന്നും എഡിജിപി അറിയിച്ചു.