{"vars":{"id": "89527:4990"}}

കൊല്ലം നിലമേലിൽ സ്‌കൂൾ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഡ്രൈവറടക്കം 24 പേർക്ക് പരുക്ക്
 

 

കൊല്ലം നിലമേൽ വേക്കലിൽ സ്‌കൂൾ ബസ് മറിഞ്ഞ് അപകടം. ഡ്രൈവറടക്കം 24 പേർക്ക് പരുക്കേറ്റു. പാപ്പാല വിദ്യാജ്യോതി സ്‌കൂളിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 കുട്ടികളും രണ്ട് ജീവനക്കാരുമാണ് ബസിലുണ്ടായിരുന്നത്. 

പരുക്കേറ്റ കുട്ടികളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തട്ടത്തുമല-വട്ടപ്പാറ റോഡിൽ വെച്ചായിരുന്നു അപകടം. ആരുടെയും പരുക്ക് ഗുരുതരമല്ലെന്ന് സ്‌കൂൾ പ്രിൻസിപ്പാൾ അറിയിച്ചു. 

ഡ്രൈവറെയും ഒരു കുട്ടിയെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരെ നിലമേൽ ബംഗ്ലാംകുന്ന് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കയറ്റത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായത്.