എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ സുരക്ഷാ വീഴ്ച; ഐജി പി വിജയന് സസ്‌പെൻഷൻ
 

 

എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതിയുടെ വിവരങ്ങൾ പുറത്തായതിലൂടെ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടിനെ തുടർന്ന് ഐജി പി വിജയനെ സർക്കാർ സസ്‌പെൻഡ് ചെയ്തു. ക്രമസമാധാന വിഭാഗം എഡിജിപി എംആർ അജിത് കുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതി ഷാരുഖ് സെയ്ഫിയെ മുംബൈയിൽ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെന്ന കാരണത്തിലാണ് സസ്‌പെൻഷൻ. 

റിപ്പോർട്ടിൻ മേലുള്ള തുടരന്വേഷണം പോലീസ് ആസ്ഥാനത്തെ എഡിജിപി പത്മകുമാർ നടത്തും. അന്വേഷണ ഘട്ടത്തിൽ പോലീസ് സേനയിലുണ്ടായ തർക്കമാണ് നടപടിക്ക് കാരണമെന്നാണ് വിവരം. എലത്തൂർ ട്രെയിൻ ആക്രമണക്കേസ് റിപ്പോർട്ട് ചെയ്ത ഘട്ടത്തിൽ സംസ്ഥാനത്തെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ മേധാവി ഐജി പി വിജയനായിരുന്നു. കേസ് അന്വേഷണം എൻഐഎ ഏറ്റെടുത്തതിന് പിന്നാലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിൽ നിന്നും അദ്ദേഹത്തെ നീക്കിയിരുന്നു.