{"vars":{"id": "89527:4990"}}

വയനാട്ടിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവ് എ വി ജയൻ പാർട്ടി വിട്ടു
 

 

വയനാട്ടിൽ നിന്നുള്ള സിപിഎം നേതാവും പൂതാടി ഗ്രാമ പഞ്ചായത്ത് അംഗവുമായ എ വി ജയൻ പാർട്ടി വിട്ടു. നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി ഒറ്റപ്പെടുത്തുന്നതായും പാർട്ടിയിൽ തുടർന്ന് പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും എവി ജയൻ പറഞ്ഞു. 

ജില്ലാ സമ്മേളനം കഴിഞ്ഞതു മുതൽ ഒരു വിഭാഗം തന്നെ വേട്ടയാടുകയാണ്. സംസ്ഥാന കമ്മിറ്റി അംഗം സികെ ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി കെ റഫീഖ് എന്നിവർക്കെതിരെ താൻ ഉന്നയിച്ച വിമർശനമാണ് തന്നെ വേട്ടയാടുന്നതിലേക്ക് നയിച്ചത്. ഭീഷണിയുടെ സ്വരത്തിലാണ് പാർട്ടി ഇപ്പോൾ തീരുമാനങ്ങളെടുക്കുന്നതെന്നും ജയൻ പറഞ്ഞു

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ എവി ജയന്റെ നേതൃത്വത്തിലാണ് പൂതാടിയിൽ സിപിഎം മത്സരിച്ചത്. പഞ്ചായത്തിൽ ഭരണം പിടിച്ചപ്പോൾ പ്രസിഡന്റ് സ്ഥാനം നേതൃത്വം ഇടപെട്ട് മറ്റൊരാൾക്ക് നൽകി. ഇതാണ് ജയൻ പാർട്ടി വിടാൻ കാരണമെന്നാണ് അറിയുന്നത്.