രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് എസ് എഫ് ഐ പ്രവർത്തകർ; റോഡിൽ കുത്തിയിരുന്ന് വാഹനം തടഞ്ഞു
നിയമസഭക്ക് പുറത്തിറങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വാഹനം തടഞ്ഞ് എസ് എഫ് ഐ. സഭയിൽ നിന്ന് എംഎൽഎ ഹോസ്റ്റലിൽ എത്തിയ ശേഷം വീണ്ടും തിരിച്ച് നിയമസഭയിലേക്ക് പോകാൻ വാഹനത്തിൽ പുറത്തേക്ക് ഇറങ്ങിയപ്പോളാണ് എസ്എഫ്ഐ പ്രവർത്തകർ വാഹനം തടഞ്ഞത്. പ്രതിഷേധം ഏറെ നേരം തുടർന്നു.
പ്രതിഷേധം നടക്കുമ്പോൾ രാഹുൽ കാറിൽ നിന്ന് പുറത്തിറങ്ങിയില്ല. റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് മാറ്റി. ആക്രമിക്കാൻ വന്നതല്ലെന്നും പ്രതിഷേധിക്കാൻ വന്നതാണെന്നും എസ് എഫ് ഐ പ്രവർത്തകർ പറഞ്ഞു. ലൈംഗികാരോപണങ്ങൾ നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ ഇത്രയും ദിവസം പത്തനംതിട്ടയിലെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്.
നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്നാണ് വീട് വിട്ടു നിയമസഭയിലെത്തിയത്. രാഹുൽ നിയമസഭയിലെത്തരുതെന്ന നേതാക്കളുടെ താക്കീത് ലംഘിച്ചാണ് രാഹുലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ നിയമസഭയിൽ എത്തിയിരിക്കുന്നത്.
പാർട്ടി നേതൃത്വത്തെ ധിക്കരിച്ചല്ല താൻ സഭയിൽ എത്തിയത്. ഇപ്പോഴും പാർട്ടിക്ക് വിധേയനാണ്. ഒരു നേതാവിനെയും കാണാൻ ശ്രമിച്ചിട്ടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു ഗർഭച്ഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലെ ശബ്ദം രാഹുലിന്റേതാണോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ എംഎൽഎ ഒഴിഞ്ഞുമാറി.