{"vars":{"id": "89527:4990"}}

പേരാമ്പ്രയിൽ ഷാഫി പറമ്പിലിന് മർദനമേറ്റ സംഭവം; രണ്ട് ഡി വൈ എസ് പിമാർക്ക് സ്ഥലം മാറ്റം
 

 

രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെയുംപേരാമ്പ്ര ഡിവൈഎസ്പി സുനിൽ കുമാറിനെയുമാണ് സ്ഥലം മാറ്റിയത്. പേരാമ്പ്രയിൽ വെച്ച് ഷാഫി പറമ്പിലിന് മർദനമേറ്റതിൽ ഇരുവർക്കുമെതിരെ ആക്ഷേപമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്ഥലം മാറ്റമുള്ള ലിസ്റ്റിൽ ഇരുവരുടെയും പേരുകൾ കൂടി ഉൾപ്പെട്ടിരിക്കുന്നത്.

അതേസമയം തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുള്ള സ്ഥലംമാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽ കുമാറിനെ കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. യുഡിഎഫ് പ്രതിഷേധ പ്രകടനം പേരാമ്പ്ര ടൗണിൽ പോലീസ് തടഞ്ഞപ്പോഴായിരുന്നു സംഘർഷമുണ്ടായത്. 

ഷാഫി പറമ്പിലിനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് 700 ഓളം പേർക്കെതിരേ ആദ്യം കേസെടുത്തത്. പോലീസിനെതിരേ സ്‌ഫോടകവസ്തു എറിഞ്ഞുവെന്നതിന്റെ പേരിൽ മറ്റൊരു കേസ് കൂടി എടുത്തിരുന്നു. സംഘർഷത്തിനിടയിൽ ഷാഫി പറമ്പിൽ എംപിക്ക് ലാത്തിയടിയേറ്റത് വലിയ ചർച്ചയ്ക്കും വിവാദത്തിനും വഴിവെച്ചിരുന്നു.