പ്രഥമ സവർക്കാർ പുരസ്‌കാരം ശശി തരൂരിന്; പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കില്ലെന്ന് തരൂർ
എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂർ എംപിക്ക്. ഇന്ന് വൈകിട്ട് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗാണ് പുരസ്‌കാരം സമർപ്പിക്കുന്നത്. അതേസമയം പുരസ്‌കാര സമർപ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരിന്റെ ഓഫീസ് അറിയിച്ചു.
തരൂരിനെയോ തരൂരിന്റെ ഓഫീസിനെയോ അറിയിക്കാതെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാരത്തെ കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്ന് എംപിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ തരൂരിനെ പുരസ്‌കാരത്തെ കുറിച്ച് അറിയിച്ചിരുന്നുവെന്നും ജൂറി ചെയർമാൻ തരൂരിന്റെ വീട്ടിൽ പോയാണ് അവാർഡിനെ കുറിച്ച് പറഞ്ഞതെന്നും എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണൻ പറഞ്ഞു.
തന്റെ കൂടെ അവാർഡ് വാങ്ങുന്നവരുടെ ലിസ്റ്റും തരൂർ ചോദിച്ചു. പുരസ്‌കാര ചടങ്ങിലേക്ക് വരാമെന്ന് തരൂർ സമ്മതിച്ചെന്നും അജികൃഷ്ണൻ പറഞ്ഞു. സവർക്കറുടെ പേരിലുള്ള ഒരു അവാർഡും ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്നും ശശി തരൂർ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ മുരളീധരൻ രാവിലെ പ്രതികരിച്ചിരുന്നു