{"vars":{"id": "89527:4990"}}

പാർലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂർ തുടരും
 

 

കോൺഗ്രസിന് അനുവദിച്ച പാർലമെന്ററി വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്ത് ശശി തരൂർ എംപി തുടരും. അധ്യക്ഷ സ്ഥാനത്ത് ശശി തരൂരിനെ വീണ്ടും നിർദേശിച്ച് സോണിയ ഗാന്ധി സ്പീക്കർക്ക് കത്ത് നൽകി. ഉപഭോക്തൃ, ഭക്ഷ്യ, പൊതുവിതണ കമ്മിറ്റി അധ്യക്ഷയായി ഡിഎംകെ എംപി കനിമൊഴിയും തുടരും

ഓപറേഷൻ സിന്ദൂറിലടക്കം നരേന്ദ്രമോദിയെ പ്രശംസിച്ച് രംഗത്തുവന്ന ശശി തരൂർ കോൺഗ്രസ് നേതൃത്വത്തിന് അനഭിമതനായിരുന്നു. എന്നാൽ നീണ്ട ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം തരൂർ തിരുവനന്തപുരത്ത് കോൺഗ്രസ് വേദിയിലെത്തിയിരുന്നു. മഹിളാ കോൺഗ്രസ് പരിപാടിയിലാണ് തരൂർ സംബന്ധിച്ചത്

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാർട്ടി വേദികളിൽ കൂടുതൽ സജീവമാകണമെന്ന് തരൂരിനോട് എഐസിസി ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ അധികാരത്തിൽ തിരിച്ചുവരാൻ തരൂരിന്റെ സഹായവും ആവശ്യമാണെന്ന് വാദിക്കുന്ന ഒരു വിഭാഗവും കോൺഗ്രസിലുണ്ട്.